ജയിലിൽ കൂടെയുണ്ടായിരുന്ന തടവുപുള്ളികളുടെ അവസ്ഥ അറിഞ്ഞു,  കുടുംബങ്ങൾക്ക് സഹായം നൽകാൻ ആര്യൻ

ജയില്‍ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ആര്യന്‍ സഹായം വാ​ഗ്ദാനം ചെയ്തിരിക്കുകയാണ്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

മുംബൈ; ആഡംബര കപ്പലിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. 25 ദിവസത്തെ ജയിൽ വാസത്തിന് ഒടുവിലാണ് താരപുത്രന്റെ മോചനം. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെ കൂടെയുണ്ടായിരുന്ന തടവുപുള്ളികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് ആര്യൻ. 

ആർതർ റോഡ് ജയിലിൽ കൂടെയുണ്ടായിരുന്നവർ

ആർതർ റോഡ് ജയിലിൽ കൂടെക്കഴിഞ്ഞിരിക്കുന്ന ജയിൽ പുള്ളികളുടെ കുടുംബങ്ങൾക്കാണ് ആര്യൻ സഹായം വാ​ഗ്ദാനം ചെയ്തതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കിയതായി എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. ജയില്‍ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ആര്യന്‍ അവര്‍ക്ക് തന്നാലാകുന്ന സാമ്പത്തിക സഹായവും നിയമസഹായവും വാഗ്ദാനം ചെയ്യുകയായിരുന്നു. 

ഇന്നലെ ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ആര്യനെ ജയില്‍ അധികൃതര്‍ വിവരം അറിയിച്ചത്. പുറത്തിറങ്ങുന്നതിന് മുന്‍പ് അദ്ദേഹം ജയില്‍ ജീവനക്കാരോട് നന്ദി പറഞ്ഞു. കൂട്ടുപ്രതികളായ അബ്ബാസ് മര്‍ച്ചന്റിനും മുണ്‍ മുണ്‍ ധമേച്ചയ്ക്കും കോടതി ജാമ്യം അനുവദിച്ചു. 

25 ദിവസത്തെ ജയിൽ വാസം

ജസ്റ്റിസ് നിതിന്‍ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്.  ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണിതെന്നും ആര്യന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി പറഞ്ഞു.ആര്യന്റെ പക്കലില്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല. കൃത്യമായ കാരണങ്ങള്‍ ഇല്ലാതെയാണ് അറസ്റ്റു ചെയ്തതും ജാമ്യം നിഷേധിച്ചതുമെന്ന് റോഹ്തഗി പറഞ്ഞു. ഒക്ടോബര്‍ 2 നാണ് നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരടക്കം 11 പേരെ പിടികൂടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com