തെന്നിന്ത്യയുടെ വാനമ്പാടി, ജാനകിയമ്മയ്ക്ക് 84ാം പിറന്നാൾ

ആറ് പതിറ്റാണ്ടു നീണ്ടുകിടക്കുന്ന സം​ഗീത ജീവിതത്തിൽ പതിനെട്ടു ഭാഷകളിലായി നാൽപതിനായിരത്തിലേറെ ​ഗാനങ്ങളാണ് ജാനകിയമ്മ പാടിയിട്ടുള്ളത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ത്ര കേട്ടാലും പുതുമ വറ്റാതെ സം​ഗീത പ്രേമികളുടെ മനസു നിറയ്ക്കുന്ന ​നാദവിസ്മയം. തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിക്ക് ഇന്ന് 84ാം പിറന്നാൾ. ആറ് പതിറ്റാണ്ടു നീണ്ടുകിടക്കുന്ന സം​ഗീത ജീവിതത്തിൽ പതിനെട്ടു ഭാഷകളിലായി നാൽപതിനായിരത്തിലേറെ ​ഗാനങ്ങളാണ് ജാനകിയമ്മ പാടിയിട്ടുള്ളത്. ആ ​ഗാനങ്ങളെല്ലാം ഇന്നും സം​ഗീതപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്

പ്രണയത്തിൽ പൂത്തുലയുന്ന കാമുകിയായും മാതൃത്വം നിറഞ്ഞ അമ്മയായും ശക്തയായ സ്ത്രീ സാന്നിധ്യവുമെല്ലാം തന്റെ ശബ്ദത്തിന്റെ മാന്ത്രികതയിലൂടെ ജാനകിയമ്മ ആരാധകരിലേക്ക് അതിമനോഹരമായാണ് പകർന്നത്. പുതുതലമുറയുടെ മനസിൽ പോലും മധുര ശബ്ദം നിറഞ്ഞു നിൽക്കുന്നുണ്ട്. ആന്ധ്രപ്രദേശിലെ  ഗുണ്ടൂർ ജില്ലയിലെ പള്ളപട്ടലയിൽ 1938 ഏപ്രിൽ 23 നാണ് ജാനകിയുടെ ജനനം. സം​ഗീതത്തിന്റെ ആദ്യപാഠങ്ങൾ ജാനകിയെ പഠിപ്പിച്ചത് നാദസ്വരം വിദ്വാൻ പൈദിസ്വാമിയാണ്. എന്നാൽ പിന്നീട് ശാസ്ത്രീയ സം​ഗീതം അഭ്യസിച്ചിട്ടില്ല. 

ഒൻപതാം വയസിലാണ് ആദ്യമായി സ്റ്റേജിൽ കയറുന്നത്. 1956ൽ ഓൾ ഇന്ത്യ റേഡിയോയിൽ ലളിതഗാനമത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അന്നത്തെ ഇന്ത്യൻ പ്രസിഡന്റിൽ നിന്നു പുരസ്കാരം വാങ്ങിയതോടെയാണ് ജാനകി സം​ഗീത രം​ഗത്തേക്ക് എത്തുന്നത്.  1957ൽ  തമിഴ് സിനിമയായ വിധിയിൻ വിളയാട്ടിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യ വർഷം തന്നെ അഞ്ചു ഭാഷാചിത്രങ്ങളിൽ പാടി. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ..’ എന്ന ഗാനമാണ് മലയാളത്തിൽ ജാനകി ആദ്യം പാടിയത്. തുടർന്ന് മലയാളത്തിലെ ഒട്ടനവധ സിനിമകളിൽ ജാനകി പാടി. കന്നഡ കഴിഞ്ഞാൽ മലയാളത്തിലാണ് ജാനകിയമ്മ ഏറ്റവും കൂടുതൽ ​ഗാനം ആലപിച്ചിട്ടുള്ളത്. 

ആടി വാ കാറ്റേ, നാഥാ നീ വരും, മലർക്കൊടി പോലെ, തുമ്പീ വാ, മോഹം കൊണ്ടു ഞാൻ തുടങ്ങിയ ജാനകി പാടിയ ​ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. 1970ലാണ് ഏറ്റവും മികച്ച ​ഗായികയ്ക്കുള്ള ആദ്യ സംസ്ഥാന പുരസ്കാരം ജാനകി സ്വന്തമാക്കുന്നത്. തുടർന്നുള്ള 15 വർഷം ജാനകി മലയാളത്തിലെ മികച്ച ​ഗായികയ്ക്കുള്ള അവാർഡ് സ്വന്തമാക്കി. നാലു പ്രാവശ്യമാണ് ജാനകിയമല്ല ദേശിയ പുരസ്കാരം നേടിയിട്ടുള്ളത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിലേക്കെത്തുന്നത് ജാനകിയിലൂടെയാണ്.

ഭാഷ കൈകാര്യം ചെയ്യാനുള്ള ജാനകിയമ്മയുടെ കഴിവാണ് അവരെ വ്യത്യസ്തമാക്കിയത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷക‌ൾ സംസാരിക്കാനും എഴുതാനും ജാനകിയമ്മയ്ക്കായിരുന്നു. 2016 ലാണ് ജാനകിയമല്ല സം​ഗീത രം​ഗത്തുനിന്ന് വിരമിക്കുന്നത്. മലയാള ചിത്രമായ പത്തു കൽപ്പനകളിലെ അമ്മ പൂവിനും എന്നു തുടങ്ങുന്നതായിരുന്നു അവസാന ​ഗാനം. മകൻ മുരളി കൃഷ്ണയ്ക്കൊപ്പം മൈസൂരുവിലാണ് ജാനകിയമ്മ താമസിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com