'കോളജില്‍ പഠിക്കാന്‍ വന്നിരുന്നത് ബള്‍ബും കൊണ്ട്': സിദ്ദിഖിന്റെ മഹാരാജാസ് ഓർമകൾ; വിഡിയോ

'സാര്‍ എനിക്ക് ടോര്‍ച്ച് അടിച്ചുതരും ഞാന്‍ ബള്‍ബ് ഇടും. അതിനുശേഷമാണ് ക്ലാസ് തുടങ്ങിയിരുന്നത്'
സിദ്ദിഖ്/ചിത്രം: ഫേയ്സ്ബുക്ക്
സിദ്ദിഖ്/ചിത്രം: ഫേയ്സ്ബുക്ക്

കേരളത്തിലെ തിയറ്ററുകളില്‍ ഒന്നാകെ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്നതായിരുന്നു സിദ്ദിഖിന്റെ സിനിമകള്‍. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആ സിനിമകള്‍ ചിരിയുടെ തമ്പുരാന്മാരായി നിറഞ്ഞു നില്‍ക്കുകയാണ്. സംവിധാനം ചെയ്യുന്ന സിനിമകളിലൂടെ മാത്രമല്ല എത്തുന്ന വേദികളിലെല്ലാം ചിരി നിറക്കുമായിരുന്നു സിദ്ദിഖ്. മഹാരാജാസിലെ രസകരമായ ഓര്‍മകള്‍ പങ്കുവെക്കുന്ന സിദ്ദിഖിന്റെ വിഡിയോ ആണ് ശ്രദ്ധനേടുന്നത്. 

ഈവനിങ് ക്ലാസില്‍ പങ്കെടുക്കാന്‍ താന്‍ ബള്‍ബുമായാണ് കോളജില്‍ എത്തിയിരുന്നത് എന്നാണ് സിദ്ദിഖ് പറയുന്നത്. മഹാരാജാസ് കോളജിലെ പരിപാടിയില്‍ സംസാരിക്കുന്ന സിദ്ദിഖിന്റെ വിഡിയോ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന രാജേശ്വരി കെകെ ആണ് പോസ്റ്റ് ചെയ്തത്.

സിദ്ദിഖിന്റെ വാക്കുകള്‍

രാത്രിയിലാണ് ക്ലാസ് നടന്നിരുന്നത്. അന്ന് ക്ലാസ് റൂമില്‍ ബള്‍ബ് ഉണ്ടാകും. പകല്‍ ബള്‍ബിന്റെ ആവശ്യമില്ലല്ലോ. പകലു വരുന്നവര്‍ അത് തല്ലിപ്പൊട്ടിച്ചു കളയും. ബള്‍ബ് കിട്ടണമെങ്കില്‍ വലിയ ചടങ്ങായിരുന്നു. അപ്പോള്‍ എന്നോട് സാര്‍ പറഞ്ഞു സിദ്ദിഖ് എല്ലാദിവസവും വരുമ്പോള്‍ ബള്‍ബുകൊണ്ടുവരാന്‍. പിന്നെ ഞാന്‍ കോളജില്‍ എത്തിയിരുന്നത് പുസ്തകത്തിനൊപ്പം ബള്‍ബുമായാണ്. സാര്‍ എനിക്ക് ടോര്‍ച്ച് അടിച്ചുതരും ഞാന്‍ ബള്‍ബ് ഇടും. അതിനുശേഷമാണ് ക്ലാസ് തുടങ്ങിയിരുന്നത്. ക്ലാസ് കഴിയുമ്പോള്‍ ബള്‍ബ് ഊരിയെടുത്ത് വീട്ടില്‍ പോകും. എല്ലാ ദിവസവും വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ബള്‍ബ് കൊണ്ടുപോകുന്നില്ലേ എന്ന് എന്നോട് സഹോദരി ചോദിക്കും. 

അന്ന് മിക്കവാറും ദിവസങ്ങളില്‍ കറന്റുണ്ടായിരുന്നില്ല. അങ്ങനെയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ പാര്‍ക്ക് പോയിരിക്കും. എന്നാല്‍ എട്ട് മണിയാകുമ്പോള്‍ പാര്‍ക്ക് അടയ്ക്കും. പിന്നെ ഞങ്ങളുടെ ക്ലാസ് റോഡിലൂടെയായിരുന്നു. ദയാനന്ദന്‍ സാറ് താമസിക്കുന്നത് വളഞ്ഞമ്പലത്താണ്. സാറിന്റെ വീട് വരെ നടക്കും. അവിടെ നിന്ന് സാറിന്റെ സഹോദരി ചായ തരും. ക്ലാസൊക്കെ കഴിഞ്ഞാണ് തിരിച്ചുപോന്നിരുന്നത്. 

വിശ്വംഭരന്‍ സാറിന്റെ ക്ലാസ് പച്ചാളത്തായിരുന്നു. ഞാന്‍ വളരെ മെലിഞ്ഞ ഒരാളാണ്. സാര്‍ എന്നോട് വളരെ വിശദമായി സംസാരിച്ച് നടക്കുമ്പോള്‍ എന്നെ എല്ലാവരും വളരെ ആരാധനയോടെ നോക്കും. ഞാനും ഏതോ വലിയ സാഹിത്യകാരനാണെന്നാണ് അവരുടെ വിചാരം. സാര്‍ എനിക്ക് ക്ലാസ് എടുക്കുകയാണെന്ന് അവര്‍ക്ക് അറിയില്ലല്ലോ. സാറിന്റെ വീട്ടിലെത്തി ക്ലാസ് പൂര്‍ത്തിയാക്കി  അവിടെ നിന്ന് നടന്ന് ഞാന്‍ പുല്ലേപ്പടിയില്‍ എത്തും. ഒരുപാട് സാഹസപ്പെട്ടാണ് മഹാരാജാസിനെ ഞാന്‍ എന്റെ ജീവിതത്തോട് ചേര്‍ത്തുപിടിച്ചത്. ഇന്നും എന്റെ നല്ല ഓര്‍മകളില്‍ മഹാരാജാസുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com