ബിജെപിയില്‍ തമ്മിലടി ; ഗുജറാത്തില്‍ ഭരണ പ്രതിസന്ധി രൂക്ഷം, നിതിന്‍ പട്ടേല്‍ രാജിയിലേക്ക്

ധനകാര്യവും നഗരവികസനവും ലഭിച്ചില്ലെങ്കില്‍ രാജിവെക്കുമെന്നാണ് നിതിന്‍ പട്ടേലിന്റെ നിലപാട്.
ബിജെപിയില്‍ തമ്മിലടി ; ഗുജറാത്തില്‍ ഭരണ പ്രതിസന്ധി രൂക്ഷം, നിതിന്‍ പട്ടേല്‍ രാജിയിലേക്ക്

അഹമ്മദാബാദ് : വകുപ്പുവിഭജനത്തെ ചൊല്ലി ഗുജറാത്ത് ഭരണത്തിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. ഇടഞ്ഞുനില്‍ക്കുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ മന്ത്രിസഭയില്‍ നിന്നും രാജിവെക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ തവണ ലഭിച്ച വകുപ്പുകളായ ധനകാര്യവും നഗരവികസനവും ലഭിച്ചില്ലെങ്കില്‍ രാജിവെക്കുമെന്നാണ് നിതിന്‍ ഭായ് പട്ടേലിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിതിന്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്ത് നല്‍കി. 

വെള്ളിയാഴ്ച ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതിന്‍ പട്ടേല്‍ ഇതുവരെ ചുമതലയേറ്റെടുത്തിട്ടില്ല. മുഖ്യമന്ത്രി വിജയ് രൂപാണി നടത്തിയ വകുപ്പ് വിഭജനത്തില്‍, സംസ്ഥാന സര്‍ക്കാരിലെ രണ്ടാമനായ നിതിന്‍ പട്ടേലിന് താരതമ്യേന അപ്രധാനമായ റോഡ് ആന്റ് ബില്‍ഡിംഗ്, ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളാണ് നല്‍കിയത്.അതേസമയം നേരത്തെ കൈകാര്യം ചെയ്തിരുന്ന നഗരവികസന വകുപ്പ് മുഖ്യമന്ത്രി കൈക്കലാക്കിയപ്പോള്‍, ധനകാര്യവകുപ്പ, ജൂനിയറായ സൗരഭ് പട്ടേലിന് നല്‍കുകയും ചെയ്തു. ധനവകുപ്പിന് പുറമെ, ഊര്‍ജ്ജവകുപ്പിന്റെ ചുമതലയും സൗരഭിന് മുഖ്യമന്ത്രി നല്‍കി. 

ഇതില്‍ പ്രകോപിതനായാണ് നിതിന്‍ ചുമതലയേറ്റെടുക്കാതെ ഇടഞ്ഞുനിന്നത്. ഇനിയും അപമാനിതനായി മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്നാണ് നിതിന്‍ പ്‌ട്ടേലിന്റെയും അനുയായികളുടെയും നിലപാട്. മന്ത്രിസഭയിലെ രണ്ടാമനായ തനിക്ക് ധനകാര്യം, നഗരവികസനം, പെട്രോളിയം എന്നീ വകുപ്പുകളുടെ ചുമതല ലഭിച്ചാല്‍ മാത്രമേ ചുമതലയേല്‍ക്കൂ എന്നാണ് അടുത്ത അനുയായികളെ അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ട നിതിന്‍ പട്ടേല്‍, അപമാനിതനാകാന്‍ നിന്നുകൊടുക്കേണ്ടെന്നാണ് നിതിന്‍ അനുകൂലികള്‍ അഭിപ്രായപ്പെടുന്നത്. 

2016 ല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നിതിന്‍ പട്ടേല്‍ അവസാന നിമിഷമാണ് പിന്തള്ളപ്പെട്ടത്. എന്നാല്‍ പട്ടേല്‍ സമുദായം എതിരാകുമെന്ന് കണ്ട് നിതിനെ ഉപമുഖ്യമന്ത്രിയാക്കുകയായിരുന്നു. പഴയ നില അതേപടി തുടരാന്‍ ഇത്തവണയും തീരുമാനിച്ചു. എന്നാല്‍ ഉപമുഖ്യമന്ത്രിയായ തനിക്ക് ആഭ്യന്തരമന്ത്രി പദം നല്‍കണമെന്നായിരുന്നു നിതിന്‍ പട്ടേല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി വിജയ് രൂപാണി നിലനിര്‍ത്തി. നിതിന്‍ പട്ടേലിന് റോഡ് ആന്റ് ബില്‍ഡിംഗ്, ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ നല്‍കി ഒതുക്കുകയായിരുന്നു. 

115 സീറ്റുകളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ഇത്തവണ 99 സീറ്റുകള്‍ നേടി നിറം മങ്ങിയ വിജയമാണ് നേടിയത്. പട്ടേല്‍ സമുദായത്തിന്റെ എതിര്‍പ്പ് സൗരാഷ്ട്ര അടക്കമുള്ള മേഖലകളില്‍ ബിജെപിക്ക് നേരിടേണ്ടിയും വന്നു. എങ്കിലും ഭരണം നിലനിര്‍ത്താനായി എന്ന് ആശ്വസിച്ചിരുന്ന ബിജെപി നേതൃത്വത്തിന് വെല്ലുവിളിയായിരിക്കുകയാണ് പട്ടേല്‍ സമുദായ നേതാവായ നിതിന്‍ പട്ടേലിന്റെ ഉടക്ക്. നിലവില്‍ പട്ടേല്‍ സമുദായത്തെ ബിജെപി വഞ്ചിക്കുകയാണെന്ന സമുദായത്തിന്റെ ആക്ഷേപത്തിനിടെ, പുതിയ സംഭവവികാസങ്ങള്‍ ആ സമുദായത്തെ പാര്‍ട്ടിയില്‍ നിന്നും പൂര്‍ണമായി അകറ്റുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com