'മകനും ബലാൽസം​ഗം ചെയ്തു എന്നറിഞ്ഞത് പിന്നീട്, കുട്ടിയെ കൊന്നത് മകനെ രക്ഷിക്കാൻ' ; കത്തുവ കേസിലെ മുഖ്യപ്രതിയുടെ കുറ്റസമ്മതം

'മകനും ബലാൽസം​ഗം ചെയ്തു എന്നറിഞ്ഞത് പിന്നീട്, കുട്ടിയെ കൊന്നത് മകനെ രക്ഷിക്കാൻ' ; കത്തുവ കേസിലെ മുഖ്യപ്രതിയുടെ കുറ്റസമ്മതം

മകന്‍ വിശാല്‍ ബലാത്സംഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടന്ന് അറിഞ്ഞതോടെയാണ് പെൺകുട്ടിയെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്

കശ്മീർ : മകനെ രക്ഷിക്കാൻ വേണ്ടിയാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ ആവശ്യപ്പെട്ടതെന്ന് കത്തുവ കേസിലെ മുഖ്യപ്രതി സാൻജി റാം അന്വേഷണ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. മകന്‍ വിശാല്‍ ബലാത്സംഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടന്ന് അറിഞ്ഞതോടെയാണ് താന്‍ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. എട്ടുവയസ്സുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച നാലാം ദിവസമാണ്, മകനുൾപ്പെടെ ബലാൽസം​ഗം ചെയ്ത കാര്യം അറിയുന്നതെന്നും മുഖ്യപ്രതിയും ക്ഷേത്ര നടത്തിപ്പുകാരനുമായ സാൻജി റാം അന്വേഷണഉദ്യോ​ഗസ്ഥരോട് സമ്മതിച്ചു. 

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഒളിപ്പിക്കാന്‍ മാത്രമായിരുന്നു പദ്ധതി. ഇതിനായി പ്രായപൂർത്തിയാകാത്ത അനന്തരവനെ ചുമതലപ്പെടുത്തി. ജനുവരി 10 നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുതിരയെ മേയ്ച്ച് കാട്ടിലെത്തിയ കുട്ടിയെ ബോധം കെടുത്തി മെത്തയില്‍ ചുരുട്ടി ക്ഷേത്രത്തിന് അകത്തേക്ക് എത്തിക്കുകയായിരുന്നു. അന്നു തന്നെ പ്രായപൂർത്തിയാകാത്ത പ്രതി കുട്ടിയെ ബലാൽസം​ഗം ചെയ്തിരുന്നു. 

തട്ടിക്കൊണ്ടുവന്ന കുട്ടിയെ ഇവർ ബലാൽസം​ഗം ചെയ്തത് സാൻജി റാം അറിഞ്ഞിരുന്നില്ല. ക്ഷേത്രത്തിലെ ആരാധനയ്ക്ക് ശേഷം പ്രസാദം വീട്ടിലേക്ക് കൊണ്ടുപോകാൻ സാൻജി റാം അനന്തരവനോട് ആവശ്യപ്പെട്ടു. എന്നാൽ അനന്തരവൻ എത്താൻ ഏറെ വൈകിയതിൽ ക്ഷുഭിതനായി സാൻജി അവനെ തല്ലി. ഇതോടെ താൻ പെൺകുട്ടിയെ ബലാൽസം​ഗം ചെയ്തത് സാൻജി അറിഞ്ഞെന്ന് കരുതിയ അവൻ കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു.

താനും സാൻജിയുടെ മകൻ വിശാലും അടക്കം പെൺകുട്ടിയെ ബലാൽസം​ഗം ചെയ്തതായി അയാൾ സാൻജിയെ അറിയിച്ചു. 13 -ാം തീയതിയാണ് സാൻജി റാം ഇക്കാര്യം അറിയുന്നത്. തുടർന്ന് മകനെ രക്ഷിക്കാൻ വേണ്ടി പെൺകുട്ടിയെ കൊലപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് മുഖ്യപ്രതി അന്വേഷണ ഉദ്യോ​ഗസ്ഥരോട് മൊഴി നൽകിയത്. ബക്കര്‍വാൾ മുസ്‌ലിം വിഭാഗത്തില്‍ പെട്ട ആളുകള്‍ പ്രദേശത്ത് സ്ഥലം വലിയ തോതില്‍ വാങ്ങിക്കൂട്ടുന്നുവെന്നറിഞ്ഞ ശേഷം ജനുവരി ഏഴ് മുതലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോവാനുള്ള പദ്ധതിക്ക് സാഞ്ജിറാം പദ്ധതിയിട്ടതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 

ജനുവരി 14-ന് കുട്ടിയെ കൊലപ്പെടുത്തി ഹിരാനഗര്‍ കനാലില്‍ ഒഴുക്കിക്കളയാനായിരുന്നു പദ്ധതി. എന്നാല്‍ അന്ന് പ്രതികള്‍ക്ക് പ്രതീക്ഷിച്ച രീതിയില്‍ വാഹനം ലഭിച്ചില്ല. തുടര്‍ന്ന് പിറ്റെ ദിവസം സാഞ്ജിറാമിന്റെ മരുമകന്‍, മകന്‍ വിശാല്‍, പോലീസ് ഉദ്യോഗസ്ഥനായ ദീപക് കജുരിയ, സുഹൃത്ത് മാനു എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ കാട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ജനുവരി 15 ന് ഹിരാനഗര്‍ കനാലിനടുത്ത് കളിക്കാനെത്തിയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി കൊലപാതകത്തെ കുറിച്ച് സുഹൃത്ത് അമിത് ശര്‍മയോട് പറഞ്ഞതാണ് വഴിത്തിരിവായത്. 

കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പേര്‍ക്കെതിരേയും പ്രത്യേകം കുറ്റപത്രമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ട് പോകല്‍, കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കേസുകളാണ് സാൻജി റാമിനെതിരേ ചുമത്തിയിരിക്കുന്നത്. സുഹൃത്ത് മാനുവിനെതിരേയും തട്ടിക്കൊണ്ട് പോകലിനാണ് കേസ്. പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം മറ്റ് മൂന്ന് പേര്‍ക്കെതിരെ ഇതോടൊപ്പം ബലാത്സംഗക്കേസും ചുമത്തിയിട്ടുണ്ട്.
സാൻജി റാമില്‍ നിന്ന് പോലീസ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത് എന്നിവര്‍ കുറ്റകൃത്യം മറച്ച് വെക്കാന്‍ നാല് ലക്ഷം രൂപ കൈപറ്റിയിരുന്നതായും കുറ്റപത്രം പറയുന്നു. എന്നാൽ അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാൻ സാൻജി റാമിന്റെ അഭിഭാഷകൻ അങ്കുർ ശർമ്മ വിസമ്മതിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com