80 മന്ത്രിമാരെന്തിന് ? മന്ത്രിമാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ യോ​ഗി ആദിത്യനാഥിന് ആർഎസ്എസ് നിർദേശം

അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാ​ഗമായിട്ടായിരുന്നു കൂടിക്കാഴ്ച
80 മന്ത്രിമാരെന്തിന് ? മന്ത്രിമാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ യോ​ഗി ആദിത്യനാഥിന് ആർഎസ്എസ് നിർദേശം

ന്യൂഡൽഹി : ഉത്തർപ്രദേശ് മന്ത്രിസഭയുടെ എണ്ണം വെട്ടിച്ചുരുക്കാൻ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനോട് ആർഎസ്എസ് ആവശ്യപ്പെട്ടു. നിലവിലെ 80 അം​ഗ മന്ത്രിസഭയുടെ വലിപ്പം 50 ൽ താഴെയാക്കി ചുരുക്കാനാണ് നിർദേശം. കഴിഞ്ഞദിവസം യോ​ഗി ആദിത്യനാഥ് ആർഎസ്എസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർ​ദേശം നൽകിയത്. 

അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാ​ഗമായിട്ടായിരുന്നു കൂടിക്കാഴ്ച. സർക്കാരിന്റെ കാര്യശേഷി വർധിപ്പിക്കാനുള്ള നടപടികൾ യോ​ഗത്തിൽ ചർച്ചയായി. നിലവിൽ പലതായി വിഭജിക്കപ്പെട്ട, പരസ്പര പൂരകങ്ങളായ ഡിപ്പാർട്ടുമെന്റുകളെല്ലാം ഒരു വകുപ്പിന് കീഴിലാക്കാനും, മന്ത്രിസഭയിൽ ക്രിയാത്മകമായ അഴിച്ചുപണി നടത്താനും ആർഎസ്എസ് നേതൃത്വം യോ​ഗിക്ക് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ആർഎസ്എസ് എക്സിക്യൂട്ടീവ് ഹെഡ് ഭയ്യാജി ജോഷിയും പങ്കെടുത്തു.

യുപിയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ യോഗിആദിത്യനാഥ് മന്ത്രിസഭയിൽ തുടക്കത്തിൽ 45 മന്ത്രിമാരാണ് ഉണ്ടായിരുന്നത്.  മെച്ചപ്പെട്ട ഭരണം എന്ന ലക്ഷ്യത്തോടെ മന്ത്രിമാരുടെ എണ്ണം 80 ആയി വർധിപ്പിക്കുകയായിരുന്നു. ഇത് വലിയ വിമർശനത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. അടുത്ത വർഷത്തെ കുംഭമേളയുടെ ഒരുക്കങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com