ഭീതി വിതച്ചും അക്രമം തുടര്‍ന്നും കാന്‍വാര്‍ യാത്ര ; പൊലീസ് റെഡ് കാര്‍ഡ് പുറപ്പെടുവിച്ചു,  70 മുസ്ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു, നോണ്‍വെജ് ഹോട്ടലുകള്‍ പൂട്ടി ( വീഡിയോ )

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2018 01:25 PM  |  

Last Updated: 10th August 2018 01:25 PM  |   A+A-   |  

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഭീതി വിതച്ചും അക്രമം നിര്‍ബാധം തുടര്‍ന്നും കന്‍വാര്‍ തീര്‍ത്ഥാടകരുടെ യാത്ര തുടരുന്നു. മുസഫര്‍ നഗറില്‍ കന്‍വാര്‍ തീര്‍ത്ഥാടകര്‍ കാറുകള്‍ തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തീര്‍ത്ഥാടകരുടെ അക്രമത്തില്‍ നിന്നും യാത്രക്കാര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. അതിനിടെ ഡല്‍ഹിയിലെ മാട്ടി നഗറില്‍ അക്രമം നടത്തിയ രണ്ട് കന്‍വാര്‍ തീര്‍ത്ഥാടകരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കാന്‍വാര്‍ യാത്രികരുടെ അക്രമം ഭയന്ന് ഉത്തര്‍പ്രദേശിലെ ബറൈലി ജില്ലയിലെ ഖൈലം ഗ്രാമത്തിലെ 70 ഓളം മുസ്ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടുപോയി. അക്രമം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെയും, പൊലീസ് റെഡ് കാര്‍ഡ് നോട്ടീസ് പുറപ്പെടുവിച്ചതിന്റെയും പശ്ചാത്തലത്തിലാണ് കുടുംബങ്ങള്‍ ഗ്രാമം വിട്ടത്. 

റെഡ്കാര്‍ഡിന് പുറമെ ഹിന്ദുക്കളും മുസ്‌ലിങ്ങളുമടങ്ങുന്ന 250 കുടുംബങ്ങളെ കൊണ്ട് പൊലീസ് ബോണ്ടില്‍ ഒപ്പുവെപ്പിച്ചിട്ടുണ്ട്. അ‍ഞ്ചുലക്ഷം രൂപയുടെ ബോണ്ടാണ് ഒപ്പുവെപ്പിച്ചത്. കന്‍വാര്‍ യാത്രയക്കിടയില്‍ നിങ്ങള്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. യാത്രയ്ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കിയാല്‍ നിങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണെന്ന് റെഡ്കാര്‍ഡിൽ പറയുന്നു.  

സംഘർഷ സാധ്യത കണക്കിലെടുത്ത് മുന്‍ കരുതലെന്ന നിലയ്ക്കാണ് റെഡ്കാര്‍ഡ് പുറപ്പെടുവിച്ചതെന്ന് അലിഗഞ്ച് എസ്.എച്ച്.ഒ വിശാല്‍പ്രതാപ് സിങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഈ മേഖലയിലൂടെ യാത്ര കടന്നുപോയപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ വിവിധ ഹിന്ദുമത കേന്ദ്രങ്ങളിലേക്കുള്ള ശിവഭക്തരുടെ തീര്‍ത്ഥാടന യാത്രയാണ് കന്‍വാര്‍ യാത്ര.

സംഘര്‍ഷം ഭയന്ന് മീററ്റിൽ അടക്കം യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ  പല നോണ്‍വെജ് ഹോട്ടലുകളും അടച്ചു. ചിലത്  വെജിറ്റേറിയന്‍  ആക്കിയിരിക്കുകയാണ്. ഈ വര്‍ഷം കന്‍വാര്‍ യാത്രയുടെ 13 ദിവസങ്ങളിലും നോണ്‍വെജ് ഹോട്ടലുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ ശിവരാത്രി ദിനത്തില്‍ മാത്രമാണ് അടച്ചിടാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നത്. ഹോട്ടലുകളിലെല്ലാം വെജ്ബിരിയാണിയും വെജ് ഹലീമുമാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ദിവസവും 15000 രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്ന് കച്ചവടക്കാർ പറയുന്നു.

എന്നാല്‍ കടകളടയ്ക്കാന്‍ ഉത്തരവിറക്കിയിട്ടില്ലെന്ന് മീററ്റ് അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് കുമാര്‍ റണ്‍ വിജയ് സിങ് പറഞ്ഞു. കച്ചവടക്കാർ സ്വമേധയാ കടകൾ അടച്ചതാണെന്നും എസ് പി അറിയിച്ചു. അതിനിടെ കൻവാർ യാത്രികരുടെ അക്രമം തടയാത്ത സർക്കാർ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. നിയമം കാൻവർ യാത്രികരുടെ കൈയിലാണോയെന്ന് കോടതി ചോദിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.