'തോക്ക് പിടിച്ചെടുക്കൂ,തല്ലിക്കൊല്ലൂ..'; ബുലന്ദ്ശഹര്‍ അക്രമം ആസൂത്രിതം,  കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

 'അടിക്കൂ, അടിക്കൂ' എന്ന് യുവാക്കള്‍ ആക്രോശിക്കുന്നതും അസഭ്യവര്‍ഷം നടത്തുന്നതും വീഡിയോയില്‍ കേള്‍ക്കാം. പൊലീസ് ജീപ്പ് വന്ന് നില്‍ക്കുന്നതിന് ശേഷമാണ് ഈ ആക്രോശങ്ങള്‍ വീഡിയോയില്‍ കേള്‍ക്കുന്നത്.
'തോക്ക് പിടിച്ചെടുക്കൂ,തല്ലിക്കൊല്ലൂ..'; ബുലന്ദ്ശഹര്‍ അക്രമം ആസൂത്രിതം,  കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

മീററ്റ്: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന വാദത്തിന് ബലമേറുന്നു. ഇന്നലെയും ഇന്നുമായി പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്ക് കൊലപാതകത്തിലും അക്രമത്തിലും പങ്കുണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നത്. 

 'അടിക്കൂ, അടിക്കൂ' എന്ന് യുവാക്കള്‍ ആക്രോശിക്കുന്നതും അസഭ്യവര്‍ഷം നടത്തുന്നതും വീഡിയോയില്‍ കേള്‍ക്കാം. പൊലീസ് ജീപ്പ് വന്ന് നില്‍ക്കുന്നതിന് ശേഷമാണ് ഈ ആക്രോശങ്ങള്‍ വീഡിയോയില്‍ കേള്‍ക്കുന്നത്. പ്രദേശവാസിയും ബജ്‌റംഗദള്‍ പ്രവര്‍ത്തകനുമായ സുമിത് പൊലീസ് ജീപ്പിന് നേരെ കല്ലെറിയുന്നത് വീഡിയോയില്‍ കാണാം. അല്‍പ്പ സമയത്തിന് ശേഷം ഇയാള്‍ക്ക് നെഞ്ചില്‍ വെടിയേല്‍ക്കുന്നുണ്ട്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാള്‍ പിന്നീട് മരിച്ചു.

 അക്രമത്തില്‍ തനിക്ക് പങ്കില്ലെന്നും ഗ്രാമവാസികളുടെ ബഹളം കേട്ട് ചെന്നതായിരുന്നു എന്നുമാണ് സുമിത് നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നത്. പൊലീസ് ഉദ്യോസ്ഥനായിരുന്ന സുബോധ് കുമാര്‍ ബോധരഹിതനായി വയലില്‍ കിടക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.  തോക്ക് തട്ടിയെടുക്കാനും അടിക്കാനും ആക്രോശിക്കുന്ന സംഭാഷണ ശകലമുള്ള വീഡിയോയ്ക്ക് ഒരു മിനിറ്റോളം ദൈര്‍ഘ്യമുണ്ട്. 

 വീഡിയോ ദൃശ്യങ്ങളുടെ ആധികാരികതയെ കുറിച്ച് വിശദമായി പഠിക്കുകയാണെന്നും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

സംഭവത്തില്‍ കുറ്റക്കാരനെന്ന് സംശയിക്കുന്ന ബംജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ പൊലീസ് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതിനിടെ യോഗേഷ് രാജ് താന്‍ നിരപരാധിയാണെന്നും ഗ്രാമവാസികളുടെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയതാണെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ അവകാശപ്പെട്ടിരുന്നു.
(വീഡിയോ കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ) 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com