കുൽ​ഗാമിൽ ഏറ്റുമുട്ടൽ : മൂന്നു ഭീകരരെ സൈന്യം വധിച്ചു, തെരച്ചിൽ തുടരുന്നു

സൈനിക നടപടിക്കിടെ സുരക്ഷാസേനയ്‌ക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്
കുൽ​ഗാമിൽ ഏറ്റുമുട്ടൽ : മൂന്നു ഭീകരരെ സൈന്യം വധിച്ചു, തെരച്ചിൽ തുടരുന്നു

ശ്രീനഗർ: കശ്​മീരിൽ കുൽഗാമിൽ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു തീവ്രവാദികളെ വധിച്ചു.  പൊലീസ്​ കോൺസ്​റ്റബിൾ സലിം അഹമ്മദ്​ ഷായെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന മൂന്ന് തീവ്രവാദികളെയാണ് വധിച്ചത്.  പ്രദേശത്ത്​ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ സൈന്യം തെരച്ചിൽ നടത്തുകയായിരുന്നു.   കൊല്ലപ്പെട്ട പോലീസുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന കുല്‍ഗാമിലെ ഖുദ്വാനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നിരവധി ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. 

നാലോളം ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം ലഭിച്ചത്. തുടർന്ന് സിആർപിഎഫും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ നിറയൊഴിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ കൊലപ്പെടുത്തിയതായി ജമ്മു കശ്മീർ ഡിജിപി എസ് പി വൈദ് അറിയിച്ചു. അവശേഷിക്കുന്ന ഭീകരനെ കൂടി പിടികൂടാനായി തെരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. 

അതിനിടെ സൈനിക നടപടിക്കിടെ സുരക്ഷാസേനയ്‌ക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസുകാരനെ വധിച്ച ഭീകരരാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നതെന്നാണ് റിപ്പോർട്ട്. രണ്ടുദിവസം മുമ്പാണ് സലീം അഹമ്മദ് ഷാ എന്ന പോലീസുകാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ശനിയാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com