'കുട്ടികള്‍ ദൈവത്തിന്റെ പ്രസാദം ; ഓരോ ഹിന്ദുവിനും ചുരുങ്ങിയത് അഞ്ചു കുട്ടികള്‍ വേണം' ; ബിജെപി എംഎല്‍എ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2018 03:01 PM  |  

Last Updated: 26th July 2018 03:08 PM  |   A+A-   |  

ബലിയ : കുട്ടികള്‍ ദൈവത്തിന്റെ പ്രസാദമെന്ന് ബിജെപി എംഎല്‍എ. ഓരോ ഹിന്ദുവിനും ചുരുങ്ങിയത് അഞ്ചു കുട്ടികള്‍ വേണം. ജനന നിയന്ത്രണത്തില്‍ ബാലന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുമെന്നും ഉത്തര്‍പ്രദേശിലെ ബൈരിയയിലെ എംഎല്‍എയായ സുരേന്ദ്രസിംഗ് പറഞ്ഞു. 

ഹിന്ദുക്കള്‍ക്ക് അഞ്ചു കുട്ടികള്‍ വേണം. രണ്ടെണ്ണം പുരുഷനും രണ്ടെണ്ണം സ്ത്രീക്കും. കൂടാതെ മറ്റൊരു കുട്ടി കൂടി വേണം. ജനന നിയന്ത്രണത്തില്‍ ബാലന്‍സ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറും. അതിനാല്‍ കൂടുതല്‍ കുട്ടികള്‍ വേണം. ഹിന്ദു ന്യൂനപക്ഷമായാല്‍, അത് തീവ്രവാദികള്‍ മൂലമല്ല, മറിച്ച് അവരവര്‍ തന്നെയാണ് ഉത്തരവാദികളെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. 

ഹിന്ദുക്കള്‍ ശക്തരാകുമ്പോഴാണ് ഇന്ത്യ ശക്തയാകുന്നത്. ഹിന്ദുക്കള്‍ ദുര്‍ബലരാകുമ്പോള്‍, ഇന്ത്യയും ദുര്‍ബലയാകുന്നതായി അദ്ദേഹം പറഞ്ഞു. ബിജെപി എംഎല്‍എയുടെ പ്രസ്താവന വിവാദമായിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ എംഎല്‍എയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഭഗവാന്‍ ശ്രീരാമന്‍ ഭൂമിയില്‍ ഇറങ്ങിവന്നാലും, ബലാല്‍സംഗം ഇല്ലാതാക്കാനാവില്ലെന്ന് അടുത്തിടെ സുരേന്ദ്രസിംഗ് പറഞ്ഞത് വിവാദമായിരുന്നു.