കശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലയാളികളെ തിരിച്ചറിഞ്ഞു; കൊലയാളി സംഘത്തില്‍ പാകിസ്ഥാന്‍കാരനും

ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഷുജാത് ബുഖാരി ജൂണ്‍14 നാണ് വെടിയേറ്റ് മരിച്ചത്
കശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലയാളികളെ തിരിച്ചറിഞ്ഞു; കൊലയാളി സംഘത്തില്‍ പാകിസ്ഥാന്‍കാരനും

കശ്മീര്‍ :  ജമ്മുകശ്മീരില്‍ വെടിയേറ്റുമരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ കൊലയാളികളെ തിരിച്ചറിഞ്ഞു. കൊലയാളി സംഘത്തിലെ മൂന്നുപേരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ തെക്കന്‍ കശ്മീരില്‍ നിന്നുള്ളവരും ഒരാള്‍ പാകിസ്ഥാന്‍കാരനുമാണെന്ന് പൊലീസ് അറിയിച്ചു. 

പാകിസ്ഥാന്‍ പൗരനും ലഷ്‌കര്‍ഇ തയ്ബ തീവ്രവാദിയുമായ നവീദ് ജട്ടാണ് അക്രമി സംഘത്തിലുള്ളത്. ഈവര്‍ഷം ജനുവരിയില്‍ ശ്രീമഹാരാജ ഹരിസിംഗ് ആശുപത്രിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടയാളാണ് നവീദ് ജട്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ശ്രീനഗര്‍ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്. ആക്രമണത്തിന് പിന്നാലെ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചതിലൂടെയാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു. 

ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഷുജാത് ബുഖാരി ജൂണ്‍14 നാണ് വെടിയേറ്റ് മരിച്ചത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഷുജാത് ബുഖാരിയെ ബൈക്കിലെത്തിയ മൂന്നംഗ അക്രമി സംഘം വെടിവെച്ചത്. വെടിവെപ്പില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകരായ മറ്റ്  രണ്ട് പേരും കൊല്ലപ്പട്ടിരുന്നു. 
ബുഖാരിയുടെ കൊലപാതകത്തില്‍ ഇതുവരെ ഒരു സംഘടനയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com