"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്" ഉടനൊന്നും നടക്കില്ല ; മോദിയുടെ ആശയം തള്ളി ബിജെപി മുഖ്യമന്ത്രി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാകാത്തതാണ് ഈ ആശയം നടപ്പാക്കുന്നതിനുള്ള പ്രധാന തടസ്സമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്" ഉടനൊന്നും നടക്കില്ല ; മോദിയുടെ ആശയം തള്ളി ബിജെപി മുഖ്യമന്ത്രി

ചണ്ഡീഗഢ് : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം 2019 ല്‍ നടപ്പാക്കുക അസാധ്യമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാകാത്തതാണ് ഈ ആശയം നടപ്പാക്കുന്നതിനുള്ള പ്രധാന തടസ്സം. ബിജെപി മുന്നോട്ടുവെച്ച ആശയം ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. എങ്കിലും സമവായം ഉണ്ടാകാത്ത സാഹചര്യത്തില്‍ 2019 ല്‍ ഇത് നടപ്പാകുമെന്ന് വിചാരിക്കുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. 

ത്രിപുരയില്‍ ബിജെപി ചരിത്രവിജയം നേടിയത് രാജ്യവ്യാപകമായി ആഘോഷിക്കാനുള്ള ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഖട്ടാറിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്തിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തില്‍ 2024 ല്‍ മാത്രമേ ഈ ആശയം പ്രാവര്‍ത്തികമാകുന്നതിനെ കുറിച്ച് ചിന്തിക്കാനാകൂ. 

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും ഹരിയാന മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം ഉണ്ടാകില്ലെന്നും ഖട്ടാര്‍ വ്യക്തമാക്കി. ഹരിയാന വിധാന്‍ സഭയുടെ കാലാവധി 2019 ഒക്ടോബര്‍ വരെയുണ്ട്. കാലാവധി തീരുന്ന മുറയ്‌ക്കേ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാകൂവെന്നും ചോദ്യത്തിന് മറുപടിയായി ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. 

മുന്‍ നിലപാടില്‍ നിന്നുള്ള മലക്കം മറിച്ചിലാണ് ഹരിയാന തെരഞ്ഞെടുപ്പില്‍ ഖട്ടാര്‍ നടത്തിയത്. നേരത്തെ ലോക്‌സഭാ തെരഞ്ഞെപ്പുനൊപ്പം ഹരിയാനയിലേക്കും തെരഞ്ഞെടുപ്പ് നടത്താമെന്നായിരുന്നു ഖട്ടാര്‍ അഭിപ്രായപ്പെട്ടിരുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്വകാര്യ മേഖലയില്‍ രണ്ട് ലക്ഷം പേര്‍ക്ക് ജോലി നല്‍കി. സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രസിദ്ധീകരിച്ച 55,000 ഒഴിവുകളില്‍ 17,300 പോസ്റ്റുകളില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചു. കോടതിയില്‍ കേസ് നടക്കുന്നതിനാലാണ് 28,000 പോസ്റ്റുകളിലെ നിയമനം വൈകുന്നതെന്നും ഖട്ടാര്‍ വ്യക്തമാക്കി. ഹാപ്പനിംഗ് ഹരിയാന സമ്മിറ്റ് വഴി സംസ്ഥാനത്ത് 45,000 കോടിയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com