കുറഞ്ഞത് ഒരു സംസ്ഥാനമെങ്കിലും ജയിച്ചുകാണിക്കൂ, എന്നിട്ട് പ്രധാനമന്ത്രിയാവുമെന്ന് സ്വപ്‌നം കാണാം; രാഹുലിനെ പരിഹസിച്ച് ബിജെപി 

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിയാവാന്‍ തയ്യാറെന്ന അഭിപ്രായപ്രകടനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി.
കുറഞ്ഞത് ഒരു സംസ്ഥാനമെങ്കിലും ജയിച്ചുകാണിക്കൂ, എന്നിട്ട് പ്രധാനമന്ത്രിയാവുമെന്ന് സ്വപ്‌നം കാണാം; രാഹുലിനെ പരിഹസിച്ച് ബിജെപി 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിയാവാന്‍ തയ്യാറെന്ന അഭിപ്രായപ്രകടനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി. ഇത്തരത്തില്‍ ഉയര്‍ന്ന സ്വപ്‌നങ്ങള്‍ മനസില്‍ കൊണ്ടുനടക്കുന്ന സമയത്ത് സംസ്ഥാന തെരഞ്ഞെടുപ്പിലെങ്കിലും ആദ്യമായി വിജയിക്കാന്‍ ശ്രമിക്കാന്‍ രാഹുല്‍ ഗാന്ധിയോട് പരിഹാസരൂപേണ ബിജെപി ആവശ്യപ്പെട്ടു. 

ബംഗലൂരുവില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പ്രമുഖ വ്യക്തികളുമായുളള സംവാദത്തിനിടെയാണ് രാഹുല്‍ മനസ് തുറന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പരിഹാസവുമായി ബിജെപി രംഗത്തുവന്നത്.

കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ രാഹുല്‍ ഗാന്ധിയെ അവരുടെ നേതാവാക്കാന്‍ അനുകൂലിക്കുന്നില്ലെങ്കിലും പ്രധാനമന്ത്രിയാവുമെന്ന് സ്വപ്‌നം കാണാന്‍ രാഹുലിന് അവകാശമുണ്ടെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പരിഹാസരൂപേണ പറഞ്ഞു. രാഹുല്‍ ഗാന്ധി വൈസ് പ്രസിഡന്റായിരുന്ന സമയത്ത് 13 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തോല്‍വി നേരിട്ടു. പ്രസിഡന്റ് പദം ഏറ്റെടുത്തതിന് ശേഷം അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. കര്‍ണാടക ഈ പട്ടികയില്‍ ആറാമത്തെത് ആയിരിക്കുമെന്ന് ഷാനവാസ് ഹുസൈന്‍ മുന്നറിയിപ്പ് നല്‍കി. 

ഇത്തരത്തില്‍ നേതൃസ്ഥാനം രാഹുല്‍ ഏറ്റെടുത്തത് മുതല്‍ ഒരു സംസ്ഥാനത്തിന് പിന്നാലെ അടുത്തത് എന്ന നിലയില്‍ കോണ്‍ഗ്രസ് തോല്‍വി നേരിട്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴും പ്രധാനമന്ത്രിയാവുമെന്ന സ്വപ്‌നം അദ്ദേഹം കാണുകയാണ്. അടുത്ത തെരഞ്ഞെടുപ്പിലും നരേന്ദ്രമോദിയെ ജനം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമെന്നും ഷാനവാസ് ഹുസൈന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com