വിവാദ വെളിപ്പെടുത്തലിന് പിന്നാലെ താന്‍ സ്ഥലംമാറ്റ ഭീഷണിയില്‍ ; കശ്മീര്‍ ഗവര്‍ണറുടെ തുറന്നുപറച്ചില്‍ കേന്ദ്രത്തെ വീണ്ടും വെട്ടിലാക്കുന്നു

ദീര്‍ഘകാലം ഇവിടെ ഉണ്ടാകുമോ എന്നറിയില്ല. എപ്പോഴാണ് എന്നെ ഇവിടെ നിന്നും സ്ഥലംമാറ്റുന്നത് എന്നറിയില്ല
വിവാദ വെളിപ്പെടുത്തലിന് പിന്നാലെ താന്‍ സ്ഥലംമാറ്റ ഭീഷണിയില്‍ ; കശ്മീര്‍ ഗവര്‍ണറുടെ തുറന്നുപറച്ചില്‍ കേന്ദ്രത്തെ വീണ്ടും വെട്ടിലാക്കുന്നു

ശ്രീനഗര്‍: സര്‍ക്കാര്‍ രൂപീകരണത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം സംബന്ധിച്ച് വിവാദ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ താന്‍ സ്ഥലംമാറ്റ ഭീഷണിയിലാണെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ദീര്‍ഘകാലം ഇവിടെ ഗവര്‍ണറായി ഉണ്ടാകുമോ എന്നറിയില്ലെന്ന് മാലിക് പറഞ്ഞു. ജമ്മുവില്‍ കോണ്‍ഗ്രസ് നേതാവ് ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. 

ദീര്‍ഘകാലം ഇവിടെ ഉണ്ടാകുമോ എന്നറിയില്ല. അത് എന്റെ കയ്യിലല്ല. എപ്പോഴാണ് എന്നെ ഇവിടെ നിന്നും സ്ഥലംമാറ്റുന്നത് എന്നറിയില്ല. ഗവര്‍ണര്‍ ജോലി പോകുമെന്ന് കരുതുന്നില്ല. എന്നാല്‍ സ്ഥലംമാറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഞാന്‍ ഇവിടെ ഉള്ളിടത്തോളം, എന്റെ ആദരവ് നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് സത്യപാല്‍ മാലിക് ജനങ്ങളോട് പറഞ്ഞു. 

കശ്മീരില്‍ വിഘടനവാദി നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് നവംബര്‍ 24 ഗ്വാളിയാറില്‍ നടന്ന പരിപാടിയില്‍ സത്യപാല്‍ മാലിക് വെളിപ്പെടുത്തിയത്. സജാദിനെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കില്‍ എല്ലാക്കാലത്തും താന്‍ ഒരു ആത്മാര്‍ത്ഥയില്ലാത്ത ആളായി മാറിയേനെയെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെയുള്ള, മാലികിന്റെ പ്രസ്താവന കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. 

എന്നാല്‍ വിവാദമായതോടെ ഇന്ന് നിലപാട് മാറ്റിപറഞ്ഞ് ഗവര്‍ണര്‍ രംഗത്തെത്തി. കേന്ദ്രത്തില്‍ നിന്ന് ഒരുവിധത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല എന്നാണ് ഗവര്‍ണര്‍ നിലപാട് മാറ്റിയത്. കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ സഖ്യം അവകാശമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്. നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള സന്ദേശം ഗവര്‍ണര്‍ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിക്ക് അയക്കുകയായിരുന്നു. 

ബിജെപിക്ക് അപ്രതീക്ഷിത അടി നല്‍കിക്കൊണ്ടായിരുന്നു പ്രതിപക്ഷം സഖ്യം രൂപീകരിച്ചത്. പിഡിപിയുടെ അല്‍ത്താഫ് ബുഖാരിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു നീക്കം. ഫാറൂഖ് അബ്ദുള്ളയുടെ നാഷ്ണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ്പിഡിപി സഖ്യത്തെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്നായിരുന്നു ധാരണ. പിഡിപിയുമായുള്ള സഖ്യം ബിജെപി പിന്‍വലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മുതല്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണമായിരുന്നു. 

വിഘടനവാദം ഉയര്‍ത്തുന്ന പീപ്പിള്‍സ് കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവായ സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കി ഭരണം പിടിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം പ്രതിപക്ഷ സഖ്യത്തിനായിരുന്നു. ബിജെപി 25 സീറ്റുകളും പീപ്പിള്‍സ് കോണ്‍ഫറന്‍സിന് രണ്ടു സീറ്റുകളുമാണ് ഉള്ളത്.ഇത് കൂടാതെ 18എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് ചൂണ്ടിക്കാട്ടി സജാദ് ലോണ്‍ സര്‍ക്കാര്‍ രൂപീകരണ അവകാശവാദവുമായി ഗവര്‍ണറെ സമീപിച്ചിരുന്നു. പിഡിപിക്ക് 28എംഎല്‍എമാരും നാഷ്ണല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12 എംഎല്‍എമാരുമാണുള്ളത്. 44 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com