ന്യൂഡൽഹി: വർഗീയതയുയർത്തിയുള്ള ബിജെപി പ്രചാരണത്തിനെതിരെ കോൺഗ്രസ് പരാതി നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് കോൺഗ്രസ് പരാതി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപി നേതാക്കൾ വർഗീയതയുയർത്തി കോൺഗ്രസിനെതിരെ പ്രചാരണം നടത്തുകയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ഹിന്ദുക്കൾ ന്യൂനപക്ഷമായതിനാലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിച്ചിരുന്നു. വർധ, പസിഘട് എന്നിവിടങ്ങളിൽ നടത്തിയ പ്രസംഗത്തിലാണ് മോദി രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ചത്. ഹിന്ദു ഭീകരവാദം എന്ന പദം ഉപയോഗിച്ചവരാണ് കോൺഗ്രസുകാർ. അതുകൊണ്ടുതന്നെ ഹിന്ദു വോട്ടർമാർ കോൺഗ്രസിന് ശിക്ഷ നൽകണമെന്നും മോദി പറഞ്ഞിരുന്നു.
ഇത്തരത്തിൽ നിരവധി ബിജെപി നേതാക്കൾ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ വർഗീയപരമായി ചിത്രീകരിച്ച് പ്രചാരണം നടത്തിയതായും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. അഹമ്മദ് പട്ടേൽ, രൺദീപ് സുർജെവാല, മനു അഭിഷേക് സിംഗ്വി ഉൾപ്പെടെയുള്ള നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ