ആദായ നികുതി റെയ്ഡ്; റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍, നിഷ്പക്ഷമായി പെരുമാറാന്‍ കര്‍ശന നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് സമയത്ത് പുലര്‍ത്തേണ്ട ജാഗ്രത പാലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ധനകാര്യ വകുപ്പിനോടും കമ്മീഷന്‍
ആദായ നികുതി റെയ്ഡ്; റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍, നിഷ്പക്ഷമായി പെരുമാറാന്‍ കര്‍ശന നിര്‍ദ്ദേശം


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യത്ത് നടന്ന് വരുന്ന ആദായ നികുതി റെയ്ഡുകളിന്‍മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി . കേന്ദ്ര റവന്യൂ സെക്രട്ടറി എ ബി പാണ്ഡെയെയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയര്‍മാന്‍ പി സി മോദിയെയുമാണ് കമ്മീഷന്‍ വിളിച്ചു വരുത്തിയത്. കേന്ദ്രസര്‍ക്കാര്‍ ആദായ നികുതി വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 

റെയ്ഡുകള്‍ നടത്തുന്നതില്‍ തെറ്റില്ലെന്നും പക്ഷേ നിഷ്പക്ഷത പാലിക്കണമെന്നും കമ്മീഷന്‍ ആദായ നികുതി വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് സമയത്ത് പുലര്‍ത്തേണ്ട ജാഗ്രത പാലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ധനകാര്യ വകുപ്പിനോടും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് ആദായക നികുതി വകുപ്പ് റെയ്ഡ് നടത്തിയത് വിവാദമായിരുന്നു. തെരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്നതിനായി കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചെന്നായിരുന്നു ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. രണ്ട് ദിവസമായി തുടരുന്ന റെയ്ഡുകളില്‍ കണക്കില്‍  പെടാത്ത 14 കോടിയോളം രൂപയാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം ഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com