തുടര്‍ച്ചയായുളള ശാരീരിക പീഡനങ്ങളെ തുടര്‍ന്ന് ബ്രേക്കപ്പായി; പിന്നാലെ നിരന്തരം ശല്യം, അസഭ്യവര്‍ഷം, ഫോണ്‍ മോഷണം; കത്തിയുമായി പിന്തുടര്‍ന്ന് സിഇഒ   

തുടര്‍ച്ചയായ ശാരീരിക പീഡനങ്ങളെയും അധിക്ഷേപ പരാമര്‍ശങ്ങളെയും തുടര്‍ന്ന് പ്രണയബന്ധം ഉപേക്ഷിച്ചുപോയ കാമുകിയെ ആയുധവുമായി പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: തുടര്‍ച്ചയായ ശാരീരിക പീഡനങ്ങളെയും അധിക്ഷേപ പരാമര്‍ശങ്ങളെയും തുടര്‍ന്ന് പ്രണയബന്ധം ഉപേക്ഷിച്ചുപോയ കാമുകിയെ ആയുധവുമായി പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നതായി പരാതി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ സിഇഒ രാഹുല്‍ സിങ്ങിനെതിരെയാണ് പരാതിയുമായി യുവതി എത്തിയത്. 

ഈ വര്‍ഷത്തിന്റെ തുടക്കം വരെയുളള ഒരു വര്‍ഷ കാലയളവില്‍ ഇരുവരും പ്രണയത്തിലായിരുന്നു. ശാരീരിക പീഡനം സഹിക്കാന്‍ പറ്റാതെ വന്നതോടെയാണ് യുവതി ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷമാദ്യം പ്രണയബന്ധത്തിലെ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് പിരിയാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനമെടുത്തു. 

ഇതിന് പിന്നാലെ രാഹുല്‍ സ്ഥിരമായി യുവതിയെ പിന്തുടരാനും ശല്യം ചെയ്യാനും തുടങ്ങി. യുവതിയുടെ വീടിന് പുറത്ത് ദിവസം മുഴുവന്‍ കാത്തുനില്‍ക്കുകയും വിവിധ ഫോണ്‍ നമ്പറുകളും മെയില്‍ ഐഡികളും ഉപയോഗിച്ച് ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. യുവതിയുടെ എല്ലാ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും എപ്പോഴും പിന്നാലെയുണ്ടെന്നും ഇടക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നുവെന്ന് യുവതി പറയുന്നു.

ഒരിക്കല്‍ യുവതി താമസിക്കുന്ന വീടിനുള്ളില്‍ അതിക്രമിച്ചുകയറി ഫോണ്‍ മോഷ്ടിക്കുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കുകയും ചെയ്തു. ഈ അക്കൗണ്ടുകളെല്ലാം രാഹുല്‍ ഹാക്ക് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവതി എച്ച്എസ്ആര്‍ ലേഔട്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇയാളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കുകയും ചെയ്തു. 

ഇതിനിടെ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് രാഹുലിന്റെ അച്ഛന്‍ വിളിച്ചിരുന്നതായും യുവതി പറയുന്നു. കേസ് പിന്‍വലിച്ചില്ലായെങ്കില്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പൊലീസ് താക്കീത് നല്‍കിയശേഷവും രാഹുല്‍ യുവതിയെ വെറുതെവിട്ടില്ല. ഫോണില്‍ അസഭ്യം പറഞ്ഞുകൊണ്ട് സന്ദേശങ്ങളയച്ചു. താമസിക്കുന്ന സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥന് പണം നല്‍കി യുവതി എവിടെയാണെന്ന് ചോദിച്ചുമനസ്സിലാക്കാറുണ്ട്. 

'സെപ്തംബര്‍ പതിനെട്ടിന് ഓഫീസില്‍ നിന്നിറങ്ങിയ എന്നെ അയാള്‍ പിന്തുടര്‍ന്നു. വീടുവരെ പിന്നാലെയുണ്ടായിരുന്നു. ബാഗിലുണ്ടായിരുന്ന കത്തിയുപയോഗിച്ചാണ് അയാള്‍ പിന്നാലെയെത്തിയത്. ഞാന്‍ ജീവനുകൊണ്ടോടുകയായിരുന്നു.'- യുവതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com