മമതയ്‌ക്കൊപ്പം ധര്‍ണ: ബംഗാള്‍ ഡിജിപി ഉള്‍പ്പെടെയുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ മെഡലുകള്‍ തിരികെ വാങ്ങാന്‍ കേന്ദ്രം; വിലക്ക് ഏര്‍പ്പെടുത്താനും സാധ്യത

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ ധര്‍ണയില്‍ പങ്കെടുത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
മമതയ്‌ക്കൊപ്പം ധര്‍ണ: ബംഗാള്‍ ഡിജിപി ഉള്‍പ്പെടെയുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ മെഡലുകള്‍ തിരികെ വാങ്ങാന്‍ കേന്ദ്രം; വിലക്ക് ഏര്‍പ്പെടുത്താനും സാധ്യത


ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പു കേസുകളില്‍ പൊലീസ് കമ്മിഷണറെ ചോദ്യം ചെയ്യാന്‍ സിബിഐ സംഘം എത്തിയതില്‍ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ ധര്‍ണയില്‍ പങ്കെടുത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 

സിബിഐക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച് ഇവരുടെ മെഡലുകള്‍ പിന്‍വലിക്കുന്ന കാര്യവും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഇവരുടെ പേരുകള്‍ പരിഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കും. നിശ്ചിത കാലത്തേക്ക് കേന്ദ്രസര്‍വീസില്‍ നിയമിക്കുന്നതില്‍നിന്ന് ഇവര്‍ക്കു വിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.

ബംഗാള്‍ ഡിജിപി വീരേന്ദ്ര, എഡിജിപി വിനീത് കുമാര്‍ ഗോയല്‍, എജിപി അനൂജ് ശര്‍മ, പൊലീസ് കമ്മിഷണര്‍ ഗ്യാന്‍വന്ത് സിങ്, എസിപി സുപ്രതിം ദര്‍ക്കര്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ശാരദാ, റോസ്‌വാലി ചിട്ടിത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ സംഘം ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഈ മാസം 4നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ധര്‍ണ നടത്തിയത്.

രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് ശേഷമാണ് ധര്‍ണ അവസാനിപ്പിച്ചത്. രാജീവ് കുമാര്‍ സിബിഐ മുമ്പാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തില്‍നിന്ന് കത്തൊന്നും ലഭിച്ചിട്ടില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com