രാമക്ഷേത്ര നിര്‍മ്മാണം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിജെപിയെ വെട്ടിലാക്കി വിഎച്ച്പി 

അയോധ്യവിഷയത്തില്‍ ബിജെപിക്ക് മുന്നറിയിപ്പും കോണ്‍ഗ്രസിനെ അനുകൂലിച്ചും വിശ്വഹിന്ദുപരിഷത്ത്
രാമക്ഷേത്ര നിര്‍മ്മാണം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിജെപിയെ വെട്ടിലാക്കി വിഎച്ച്പി 

ലക്‌നൗ: അയോധ്യവിഷയത്തില്‍ ബിജെപിക്ക് മുന്നറിയിപ്പും കോണ്‍ഗ്രസിനെ അനുകൂലിച്ചും വിശ്വഹിന്ദുപരിഷത്ത്. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്താല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് വിശ്വഹിന്ദുപരിഷത്ത് വ്യക്തമാക്കി. രാമക്ഷേത്രനിര്‍മ്മാണം വൈകിപ്പിക്കുന്നു എന്ന ആക്ഷേപത്തില്‍ ബിജെപിക്കുളള താക്കീതുകൂടിയാണ് വിഎച്ച്പിയുടെ പുതിയ നിലപാട്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ വിഎച്ചപിയുടെ പുതിയ നിലപാട് ബിജെപിയെ വെട്ടിലാക്കുന്നതാണ്. കോണ്‍ഗ്രസ് ഇതുവരെ തങ്ങള്‍ക്ക് മുന്‍പില്‍ വാതില്‍ കൊട്ടിയടച്ചിരിക്കുകയാണ്. എന്നാല്‍ രാമക്ഷേത്രം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുകയും തങ്ങള്‍ക്ക് മുന്‍പില്‍ വാതിലുകള്‍ തുറന്നുവെയ്ക്കുകയും ചെയ്താല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന കാര്യം ചിന്തിക്കുമെന്ന് വിഎച്ച്പി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. പ്രയാഗ്‌രാജിലെ കുംഭമേളയ്ക്കിടെയാണ് അലോക് കുമാറിന്റെ പ്രതികരണം.

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് നിയമനിര്‍മ്മാണം നടത്തണമെന്ന് വിഎച്ച്പിയുടെ ധര്‍മ്മ സന്‍സദ് ആഴ്ചകള്‍ക്ക് മുന്‍പ് ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെമേല്‍ സമ്മര്‍ദം ചെലുത്തിയായിരുന്നു വിഎച്ച്പിയുടെ ആഹ്വാനം. രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സന്യാസിമാരുമായി ആശയവിനിമയം നടത്തിയശേഷം അടുത്ത നീക്കം തീരുമാനിക്കുമെന്നും വിഎച്ച്പി അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് അലോക് കുമാറിന്റെ പ്രതികരണം. 

അതേസമയം തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ് എന്ന് പറഞ്ഞ് അലോക് കുമാര്‍ വീണ്ടും രംഗത്തുവന്നു.  രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റില്‍ ഉയര്‍ന്നുവന്നാല്‍ നിയമനിര്‍മ്മാണത്തിന് പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് എല്ലാ പാര്‍ട്ടികളെയും സമീപിച്ചിരുന്നതായി അലോക് കുമാര്‍ ഓര്‍മ്മിപ്പിച്ചു.അയോധ്യവിഷയത്തില്‍ രാഷ്ട്രീയവേദിയില്‍ അഭിപ്രായ ഐക്യം ഉണ്ടാകുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. എല്ലാ പാര്‍ട്ടികളും അവരുടെ പ്രകടനപത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് പാലിച്ച പാര്‍ട്ടികളോട് നന്ദി പറയുന്നു. എന്നാല്‍ ഇതുകൊണ്ട് ഏതു പാര്‍ട്ടിയെയും പിന്തുണയ്ക്കും എന്ന് അര്‍ത്ഥമില്ല. അത് തങ്ങളുടെ ജോലിയല്ലെന്നും അലോക് കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി ആദ്യം ഹൃദയത്തിലേറ്റി രാമന്റെ പിന്‍ഗാമികള്‍ ആകട്ടെയെന്ന് ബിജെപി വക്താവ് സാമ്പിത് പത്ര പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതാവ് കപില്‍ സിബല്‍ തന്നെയാണ് തെരഞ്ഞെടുപ്പിന് ശേഷം അയോധ്യകേസില്‍ വാദം തുടര്‍ന്നാല്‍ മതിയെന്ന് കോടതിയില്‍ വാദിച്ചത്. എന്നാല്‍ തങ്ങള്‍ ക്ഷേത്രം എന്ന ആവശ്യത്തില്‍ ഉറച്ചാണ് മുന്നോട്ടുപോകുന്നതെന്നും സാമ്പിത് പത്ര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com