തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു ; മമതയേക്കാള്‍ ഭേദം കമ്യൂണിസ്റ്റ് ഭരണമെന്ന് അമിത് ഷാ

പശ്ചിമബംഗാളിലെ മമതാബാനര്‍ജി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു ; മമതയേക്കാള്‍ ഭേദം കമ്യൂണിസ്റ്റ് ഭരണമെന്ന് അമിത് ഷാ

കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ മമതാബാനര്‍ജി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മാള്‍ഡയില്‍ നടന്ന റാലിയിലാണ് അമിത് ഷാ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. കമ്യൂണിസ്റ്റുകളെ പുറത്താക്കിയാണ് ജനം തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ ആ ജനം ഇപ്പോള്‍ നിസഹായാവസ്ഥയിലാണ്. ഇതിനേക്കാള്‍ ഭേദം കമ്യൂണിസ്റ്റ് സര്‍ക്കാരാണ് എന്നാണ് ബംഗാളിലെ ജനം വിചാരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. 

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്, മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബംഗാളില്‍ തുടരണോ എന്ന വിധിയെഴുത്ത് കൂടിയാകും. ജനം മമത സര്‍ക്കാരിനെ തൂത്തെറിയുമെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ റാലിയോടെ ബം​ഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  ഇരുപതോ ഇരുപത്തഞ്ചോ നേതാക്കള്‍ക്ക് കൈകോര്‍ത്ത് പിടിച്ചുനിന്ന് പ്രധാനമന്ത്രി മോഡിയെ പരാജയപ്പെടുത്താനാകില്ലെന്ന് അമിത് ഷാ പറഞ്ഞു. നൂറുകോടി ജനങ്ങളുടെ പിന്തുണയാണ് പ്രധാനമന്ത്രിക്കുള്ളതെന്നും ഷാ പറഞ്ഞു. 

മമത ബാനര്‍ജി പൗരത്വ ബില്ലിനെ എതിര്‍ക്കും, കാരണം അവര്‍ക്ക് ആശങ്ക തന്റെ വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമാണ്. സംസ്ഥാന സര്‍ക്കാര്‍ ബംഗാളിന്റെ സംസ്‌കാരം നശിപ്പിക്കുകയാണ്. അഴിമതിക്കാരായ തൃണമുല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ തുടരണോ എന്ന് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തീരുമാനിക്കുമെന്നും അമിത് ഷാ പറഞ്ഞു. 

ഒരിക്കല്‍ രാജ്യത്തെ നയിച്ച ബംഗാള്‍ ഇപ്പോള്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനമാണ്. അത്ര മോശം പ്രകടനമാണ് മമത സര്‍ക്കാരിന്റേത്. ജനങ്ങള്‍ ഇക്കാര്യത്തില്‍ നിരാശരാണെന്നും അമിത് ഷാ ആരോപിച്ചു. ബി.ജെ.പിയുടെ വളര്‍ച്ച തൃണമുല്‍ സര്‍ക്കാരിനെ ഭയപ്പെടുത്തുന്നതായി അമിത് ഷാ പറഞ്ഞു. അതുകൊണ്ടാണ് ബി.ജെ.പി റാലികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. മമതയ്ക്ക് ബി.ജെ.പിയുടെ യാത്രകള്‍ തടയാനാകും എന്നാല്‍ ജനങ്ങളുടെ ഹൃദയത്തില്‍ നിന്ന് ബി.ജെ.പിയെ പറിച്ചെറിയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com