മുഖ്യമന്ത്രി പദം പങ്കിടാനില്ല, അഞ്ചുവര്‍ഷവും സേനയ്ക്ക് തന്നെ ; സഞ്ജയ് റാവത്ത്

ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു
മുഖ്യമന്ത്രി പദം പങ്കിടാനില്ല, അഞ്ചുവര്‍ഷവും സേനയ്ക്ക് തന്നെ ; സഞ്ജയ് റാവത്ത്

മുംബൈ : മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദം പങ്കിടാന്‍ ശിവസേന തയ്യാറല്ലെന്ന് സേന നേതാവ് സഞ്ജയ് റാവത്ത്. അഞ്ചുവര്‍ഷവും ശിവസേനയ്ക്ക് തന്നെ മുഖ്യമന്ത്രി പദം ലഭിക്കണം. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് മഹാരാഷ്ട്രക്കാര്‍ ആഗ്രഹിക്കുന്നതെന്നും റാവത്ത് അഭിപ്രായപ്പെട്ടു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് റാവത്തിന്‍രെ പ്രതികരണം.

ബിജെപി മുഖ്യമന്ത്രി പദം പങ്കിടാന്‍ തയ്യാറാണെന്ന് അറിയിച്ചെന്ന റിപ്പോര്‍ട്ടുകളോട്, റാവത്തിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. വാഗ്ദാനങ്ങളുടെ സമയം അവസാനിച്ചു. ബിജെപി ഇനി ദേവേന്ദ്രന്റെ കിരീടം തരാമെന്ന് പറഞ്ഞാലും വേണ്ട. അതിനിടെ സഖ്യരൂപീകരണത്തിന് ഗതിവേഗം കൂട്ടി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ഇന്നലെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു താക്കറെയുടെ സന്ദര്‍ശനം.

മകനും എംഎല്‍എയുമായ ആദിത്യ താക്കറെ, മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് എന്നിവരും ഉദ്ധവിനൊപ്പമുണ്ടായിരുന്നു. അനന്തരവനും മുതിര്‍ന്ന എന്‍സിപി നേതാവുമായ അജിത് പവാറും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. സഖ്യരൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഇന്ന് വീണ്ടും ചര്‍ച്ച നടത്തും.

പൊതുമിനിമം പരിപാടി അടക്കം ഇന്ന് യോഗത്തില്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രി പദം പങ്കുവെക്കണോ, പങ്കുവെച്ചാല്‍ ആദ്യം ആര്‍ക്ക്, ആരെല്ലാം മുഖ്യമന്ത്രിമാരാകണം എന്നീ കാര്യങ്ങളിലും ഇന്ന് തീരുമാനമായേക്കും. സഖ്യസര്‍ക്കാരിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകാന്‍നേരത്തെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ മകന്‍ ആദിത്യ താക്കറെ മുഖ്യമന്ത്രിയാകുന്നതിനോട് എന്‍സിപിക്കും കോണ്‍ഗ്രസിനും യോജിപ്പില്ല. ഇതോടെ ഉദ്ധവ് തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. മൂന്നു പാര്‍ട്ടികളുടെയും എംഎല്‍എമാരുടെ പിന്തുണക്കത്ത് ശിവസേന നേതാവ് സഞ്ജയ് റാവത്ത് നാളെ ഗവര്‍ണര്‍ക്ക് കൈമാറിയേക്കുമെന്നാണ് സൂചന. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com