'അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ഞങ്ങളുടെ കയ്യില്‍'; വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നല്‍കി ശിവസേന

മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യം ശിവസേന കടുപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയുമായി സഞ്ജയ് റാവത്ത് രംഗത്തുവന്നത്
'അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ഞങ്ങളുടെ കയ്യില്‍'; വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നല്‍കി ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങള്‍ക്കായിരിക്കുമെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യം ശിവസേന കടുപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയുമായി സഞ്ജയ് റാവത്ത് രംഗത്തുവന്നത്.  

പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെയുടെ കാലഘട്ടം ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് ബിജെപിയും ശിവസേനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. മുഖ്യമന്ത്ര്ി സ്ഥാനം തുല്യമായി പങ്കിടണമെന്നതാണ് ശിവസേനയുടെ നിലപാട്. ഇതിന് പിന്നാലെയാണ് അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങള്‍ക്കായിരിക്കുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞത്. 1995-1999 കാലഘട്ടത്തില്‍ അധികാരത്തിലിരുന്ന ആദ്യ ശിവസേന-ബിജെപി സഖ്യ സര്‍ക്കാരിന്റെ സമയത്ത് ബാല്‍ താക്കറെ ഈ വാക്ക് നിരന്തരം ഉപയോഗിച്ചിരുന്നു.

'ഇത്തവണ ശിവസേനക്ക് 56 സീറ്റുകളാണ് മഹാരാഷ്ട്രയില്‍ ലഭിച്ചത്. എന്നിരുന്നാലും അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ നമുക്കായിരിക്കും. ശിവസേനയെ ബിജെപിക്ക് പിന്നില്‍ വലിച്ചിഴക്കാമെന്ന സ്വപ്‌നവും തെരഞ്ഞെടുപ്പ് ഫലത്തോടെ തകര്‍ന്നു' -സഞ്ജയ് റാവത്ത് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.

സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത കാര്‍ട്ടൂണും ഏറെ ചര്‍ച്ചയായിരുന്നു. ശിവസേനയുടെ പാര്‍ട്ടി ചിഹ്നമായ കടുവ ബിജെപിയുടെ ചിഹ്നമായ താമര കൈയിലെടുത്ത് മണം പിടിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. എന്‍സിപിയുടെ ചിഹ്നമായ ക്ലോക്ക് കടുവയുടെ കഴുത്തില്‍ തൂക്കിയിരുന്നു. ഈ കാര്‍ട്ടൂണിനെ കുറിച്ച് അദ്ദേഹം തന്റെ കോളത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഈ കാര്‍ട്ടൂണിന് ഏറെ പ്രധാന്യമുണ്ടെന്നും ആരേയും ചെറുതായി കാണരുതെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നുമാണ് സഞ്ജയ് റാവത്തിന്റെ വിശദീകരണം. രാജ്യസഭാ എംപിയാണ് റാവത്ത്.

അധികാരം പങ്കിടാമെന്ന ഉറപ്പ് എഴുതി നല്‍കണമെന്ന് കഴിഞ്ഞ ദിവസം ബിജെപിയോട് ശിവസേനാ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉണ്ടാക്കിയ 50:50 എന്ന ധാരണ മാനിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം.

എന്നാല്‍ ഈ ആവശ്യത്തോട് ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബര്‍ 30 ന് ചേരുന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിന് ശേഷം അമിത് ഷാ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2014ല്‍ 122 സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 105 സീറ്റുകളാണ് ലഭിച്ചത്. ഒറ്റയ്ക്ക് ഭരിക്കാനുളള സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നായിരുന്നു ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. ഇതിന് കടകവിരുദ്ധമായ തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com