ഒരേ പേരുള്ള രണ്ട് പേര്‍; കോവിഡ് രോഗം മാറാത്ത വ്യക്തിക്ക് ഡിസ്ചാര്‍ജ്; സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച; അന്വേഷണം

ഒരേ പേരുള്ള രണ്ട് പേര്‍; കോവിഡ് രോഗം മാറാത്ത വ്യക്തിക്ക് ഡിസ്ചാര്‍ജ്; സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച; അന്വേഷണം
ഒരേ പേരുള്ള രണ്ട് പേര്‍; കോവിഡ് രോഗം മാറാത്ത വ്യക്തിക്ക് ഡിസ്ചാര്‍ജ്; സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച; അന്വേഷണം

ഗുവാഹത്തി: കോവിഡ് രോഗം ഭേദമാകാത്ത വ്യക്തിയെ അസുഖം മാറിയവരുടെ പട്ടികയിലുള്‍പ്പെടുത്തി വീട്ടിലേക്ക് പറഞ്ഞുവിട്ടു. അസമിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് അധികൃതരുടെ ഈ അനാസ്ഥ. ഒരേ പേരുള്ള രണ്ട് പേര്‍ ഡിസ്ചാര്‍ജ് പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് ആശുപത്രി അധികൃതര്‍ക്ക് അബദ്ധം പിണഞ്ഞത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരമൊരു വീഴ്ച സംഭവിച്ചതിനെ കുറിച്ച് ജില്ലാ ഭരണകൂടം മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. 

ദരംഗ് ജില്ലയിലെ മംഗള്‍ദായ് സിവില്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തി ഇവിടെ 14 പേരെ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ രോഗം ഭേദമായ ആറ് പേരെ വീട്ടിലേക്ക് പറഞ്ഞു വിടാനായി ലിസ്റ്റ് ചെയ്തു. 14 പേരില്‍ രണ്ട് ആളുകളുടെ പേരുകള്‍ ഒന്നായിരുന്നു. ഇരുവരും ഡല്‍ഗോണില്‍ നിന്നുള്ളവരുമായിരുന്നു. ഇതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്. 

ആറ് പേരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ സമാന പേരിലുള്ള ഒരാള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. പക്ഷേ അത് രോഗം ഭേദമാകാത്ത ആളായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഇവരില്‍ ഒരാള്‍ ജൂണ്‍ മൂന്നിനും മറ്റൊരാള്‍ ജൂണ്‍ അഞ്ചിനുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 

ഇതൊന്നുമറിയാതെ രോഗം ഭേദമാകാത്ത വ്യക്തി വീട്ടിലെത്തിക്കഴിഞ്ഞിരുന്നു. അമളി തിരിച്ചറിഞ്ഞ ആശുപത്രി അധികൃതര്‍ വീട്ടിലെത്തി ഇയാളെ തിരികെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇയാള്‍ വീട്ടില്‍ വന്നതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com