കോവിഡ് കേസുകളില്‍ 57 ശതമാനം കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍; അതിവേഗ വൈറസില്‍ ഭീതി വേണ്ട, ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 57 ശതമാനം കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ നിന്നെന്ന് കേന്ദ്രസര്‍ക്കാര്‍
കോവിഡ് പരിശോധന/ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 57 ശതമാനം കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ നിന്നെന്ന് കേന്ദ്രസര്‍ക്കാര്‍. മധ്യപ്രദേശ്, തമിഴ്‌നാട്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവയാണ് കോവിഡ് വ്യാപനം തുടരുന്ന മറ്റു സംസ്ഥാനങ്ങള്‍. ഇന്നലെ വൈറസ് ബാധയേറ്റ് മരിച്ചവരില്‍ 61 ശതമാനവും കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവയാണ് 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത മറ്റു സംസ്ഥാനങ്ങള്‍. അതേസമയം രോഗമുക്തി നിരക്ക് 95 ശതമാനം കടന്നത് ആശ്വാസമായി. നിലവില്‍ മൂന്ന് ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നതെന്നും രാജേഷ് ഭൂഷണ്‍ അറിയിച്ചു. മൊത്തം കോവിഡ് കേസുകളുടെ മൂന്ന് ശതമാനം മാത്രമാണ് ചികിത്സയിലുള്ളവരുടെ എണ്ണം.

കഴിഞ്ഞ ഏഴാഴ്ചയായി കോവിഡ് കേസുകള്‍ ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുവരികയാണ്.  അഞ്ചര മാസം മുന്‍പുളള അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്. അന്ന് മൂന്ന് ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു ചികിത്സയിലുള്ള രോഗികളെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ബ്രിട്ടണില്‍ അതിവേഗം പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിന്റെ വകഭേദത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ പറഞ്ഞു.എന്നാല്‍ ജാഗ്രത കൈവിടരുത്. വൈറസിന് ഉണ്ടായ ജനിതക വ്യതിയാനം രോഗം ഗുരുതരമാകാന്‍ കാരണമായതായി റിപ്പോര്‍ട്ടുകളില്ല. മരണസംഖ്യ ഉയരുന്നതിനും ഇത് കാരണമായിട്ടില്ലെന്നും വി കെ പോള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com