അയല്‍ക്കാരെ വളര്‍ത്തുനായ കടിച്ചു; ഉടമയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

കൃത്യത്തില്‍ ഭാരേഷ് നേരിട്ട് കുറ്റം ചെയ്തിട്ടില്ലെങ്കിലും അയാളുടെ അശ്രദ്ധയാണ് അക്രമണത്തിന് കാരണമായതെന്ന് കണ്ടെത്തിയാണ് ശിക്ഷ
അയല്‍ക്കാരെ വളര്‍ത്തുനായ കടിച്ചു; ഉടമയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

അഹമ്മദാബാദ്: അയല്‍ക്കാരെ വളര്‍ത്തുനായ ആക്രമിച്ച സംഭവത്തില്‍ ഉടമയ്ക്ക് ഒരുവര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവമുണ്ടായത്. അയല്‍ക്കാരായ നാല് പേരെ നായ കടിച്ചതിനാണ് ഗോദ്‌സാര്‍ സ്വദേശിയായ ഭാരേഷ് പാണ്ഡ്യയെ കോടതി ശിക്ഷിച്ചത്. ഉടമയുടെ അശ്രദ്ധ മൂലമാണ് നായ ആക്രമിച്ചതെന്ന നിരീക്ഷണത്തിലാണ് ശിക്ഷ. 

2014ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. ഭാരേഷിന്റെ നായ മൂന്ന് കുട്ടികളെയും ഒരു മുതിര്‍ന്ന വ്യക്തിയെയുമാണ് കടിച്ചത്. നായയുടെ അക്രമത്തില്‍ എല്ല് പൊട്ടിയ അവിനാഷ് പട്ടേലാണ് ഇസ്‌നാപുര്‍ പൊലീസില്‍ പരാതി നല്‍കിയത്. മറ്റുള്ളവരുടെ ജീവന്‍ വരെ അപകടത്തിലാക്കി ഗുരുതരമായ പരിക്കേല്‍പ്പിച്ചതിന് ഐപിസി സെക്ഷന്‍ 338 പ്രകാരമാണ് ഭാരേഷിനെതിരെ കേസെടുത്തത്. കൃത്യത്തില്‍ ഭാരേഷ് നേരിട്ട് കുറ്റം ചെയ്തിട്ടില്ലെങ്കിലും അയാളുടെ അശ്രദ്ധയാണ് അക്രമണത്തിന് കാരണമായതെന്ന് കണ്ടെത്തിയാണ് ശിക്ഷ. 

ഭാരേഷിന് രണ്ട് വര്‍ഷത്തെ ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ നിലപാടെടുത്തത്. നായയടക്കമുള്ള വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്ക് അതിനെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ സംഭവിക്കുന്നതിനെ കുറിച്ച് സമൂഹത്തിന് ഉദാഹരണമാകണം ഈ സംഭവമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഭാരേഷിന്റെ ഡോബര്‍മാന്‍  ഇനത്തില്‍പ്പെട്ട ശക്തി എന്ന നായയാണ് 2012നും 2014നും ഇടയില്‍ അയല്‍ക്കാരെ ആക്രമിച്ചത്. അവിനാഷിന്റെ മകന്‍ ജയ്, സഹോദരീ പുതന്‍ തക്ഷില്‍ എന്നിവരെയും മറ്റൊരു കുട്ടിയായ വ്യോമിനെയുമാണ് നായ ആക്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com