വിദേശത്തുനിന്നെത്തി ഏഴാംനാള്‍ ഗംഭീര വിവാഹം ; ചടങ്ങില്‍ വിഐപികള്‍ അടക്കം 1000 പേര്‍  ; വരന്‍ ക്വാറന്റീനില്‍ 

ഫ്രാന്‍സില്‍ നിന്നും വിവാഹത്തിന് ഏഴുദിവസം മുമ്പ് മാര്‍ച്ച് 12 നാണ് യുവാവ് ഹൈദരാബാദിലെത്തുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ് : തെലങ്കാനയിലെ വാറങ്കലില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിദേശത്തുനിന്നും വന്ന യുവാവിന്റെ വിവാഹമാമാങ്കം. വ്യാഴാഴ്ച നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത് വിഐപികള്‍ അടക്കം ആയിരത്തോളം പേരാണ്. ഹോം ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം മറികടന്നാണ് വിവാഹം ഗംഭീരമായി നടത്തിയത്. 

ഫ്രാന്‍സില്‍ നിന്നും വിവാഹത്തിന് ഏഴുദിവസം മുമ്പ് മാര്‍ച്ച് 12 നാണ് യുവാവ് ഹൈദരാബാദിലെത്തുന്നത്. വിമാനം ഇറങ്ങിയ യുവാവിനോട് 14 ദിവസം വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നും കര്‍ശന നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുലംഘിച്ച് യുവാവ് വാറങ്കലിലേക്ക് പോകുകയായിരുന്നു. 

വിവാഹചടങ്ങില്‍ വരനോ വധുവോ മറ്റുള്ളവരോ മാസ്‌കുകളോ, മറ്റു മുന്‍കരുതല്‍ നിര്‍ദേശങ്ങളോ ഒന്നും പാലിച്ചിരുന്നില്ലെന്ന് വിവാഹചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. യുവാവിന്റെ വിദേശയാത്രാ വിവരം പുറത്തുവന്നതോടെ വിവാഹചടങ്ങില്‍ പങ്കെടുത്തവരെല്ലാം കോവിഡ് ഭീതിയിലാണ്. വിവരം അറിഞ്ഞ ആരോഗ്യപ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും വരനെ ഹോം ക്വാറന്റീനിലാക്കി. പിറ്റേദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന സല്‍ക്കാരം റദ്ദാക്കുകയും ചെയ്തു. 

ജില്ലയിലെ പ്രമുഖനായ അഭിഭാഷകനാണ് വരന്റെ അമ്മാവന്‍. യുവാവിന്റെ വിവാഹചടങ്ങില്‍ നിരവധി വിഐപികളാണ് പങ്കെടുത്തത്. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും നിരീക്ഷണത്തിലാക്കേണ്ട ഗതികേടിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ തെലങ്കാനയില്‍ വിവാഹത്തിനോ, മറ്റു വലിയ ചടങ്ങുകള്‍ക്കോ ഹാളുകള്‍ നല്‍കുന്നത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിരോധിച്ചിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com