ഭര്‍ത്താവിനെ വിട്ടുവരാന്‍ നിരന്തര സമ്മര്‍ദ്ദം, മുന്‍ കാമുകനുമായി ചേര്‍ന്ന് യുവതി അധ്യാപകനെ വെടിവെച്ചു കൊന്നു; ചുരുളഴിച്ചത് ഫോണ്‍ വിളികള്‍

ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ കൊലപാതകത്തില്‍ ഭാര്യയ്ക്കും പങ്കെന്ന് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ കൊലപാതകത്തില്‍ ഭാര്യയ്ക്കും പങ്കെന്ന് പൊലീസ്. ഭാര്യ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനുമായി ആസൂത്രണം ചെയ്താണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

മീററ്റില്‍ നവംബര്‍ മൂന്നിനാണ് സംഭവം. സ്വന്തമായി കോച്ചിങ് സെന്റര്‍ നടത്തുന്ന സോനു പധാനെ വെടിവെച്ചു കൊല്ലുകയായിരുന്നു. കോച്ചിങ് സെന്ററിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്.  സോനു പധാന്റെ വീട്ടില്‍ നിന്ന് അധികം അകലെയല്ലാതെയായിരുന്നു ആക്രമണം. 

രണ്ടാഴ്ചക്കിടെയാണ് കൊലപാതക കേസിലെ അന്വേഷണത്തില്‍ തുമ്പുണ്ടായത്. അധ്യാപകന്റെ ഭാര്യ നേഹയുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ചില സൂചനകള്‍ ലഭിച്ചതെന്ന് പൊലീസ് പറയുന്നു. നേഹ കാമുകനായ ശുഭവുമായി ചേര്‍ന്ന്് ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇവരെ സഹായിച്ച രണ്ടുപേരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. 

2019 മുതല്‍ ശുഭവുമായി അടുപ്പത്തിലായിരുന്നു നേഹ. ഭര്‍ത്താവുമായി വേര്‍പിരിയാന്‍ ശുഭം നേഹയെ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുമായിരുന്നു. അതിനിടെ ഇരുവരും തമ്മിലുള്ള അടുപ്പത്തില്‍ അധ്യാപകന് സംശയം തോന്നി തുടങ്ങി. ഇത് ദമ്പതികള്‍ തമ്മില്‍ തുടര്‍ച്ചയായി വഴക്ക് കൂടുന്നതിന് കാരണമായി. ഇതിന് പിന്നാലെയാണ് സോനുവിനെ വകവരുത്താന്‍ നേഹയും ശുഭവും ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് പറയുന്നു.

കൊല്ലപ്പെട്ട ദിവസം സോനുവിന്റെ മുഴുവന്‍ വിവരങ്ങളും കൈമാറിയത് നേഹയാണ്. ഇതനുസരിച്ച് ശുഭവും രണ്ടു കൂട്ടാളികളും ചേര്‍ന്ന് സോനുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com