തേജസ്വിക്കൊപ്പം ജനങ്ങളെ ഇളക്കിമറിച്ച് രാഹുല്‍, വന്‍ജനസഞ്ചയം; കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പ്രചാരണം 

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തെ അപമാനിച്ചു എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
തേജസ്വിക്കൊപ്പം ജനങ്ങളെ ഇളക്കിമറിച്ച് രാഹുല്‍, വന്‍ജനസഞ്ചയം; കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പ്രചാരണം 

പറ്റ്‌ന: അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തെ അപമാനിച്ചു എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കില്‍ അതിര്‍ത്തി ലംഘിച്ച് ചൈന നുഴഞ്ഞുക്കയറ്റം നടത്തിയിട്ടില്ല എന്ന മോദിയുടെ വാക്കുകള്‍ നുണയാണെന്ന് രാഹുല്‍ വീണ്ടും ആവര്‍ത്തിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, വിശാല സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിനൊപ്പം നവാഡ ജില്ലയിലാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലിയ്ക്ക് സമാനമായി ആയിരങ്ങളാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തടിച്ചുകൂടിയത്. 

ഗാല്‍വന്‍ താഴ്‌വരയിലെ സൈനികരുടെ ജീവത്യാഗവുമായി ബന്ധപ്പെട്ട് മോദിയുടെ പ്രസ്താവനയ്ക്കുളള മറുപടിയാണ് രാഹുലിന്റെ വാക്കുകള്‍. ലഡാക്കില്‍ ചൈന നുഴഞ്ഞുക്കയറ്റം നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ തളളിയതിലൂടെ മോദി സൈന്യത്തെ അപമാനിച്ചിരിക്കുകയാണ്. ലഡാക്കില്‍ ഇന്ത്യയുടെ അധീനതയിലുണ്ടായിരുന്ന 1200 ചതുരശ്ര കിലോമീറ്റര്‍ ഭാഗം ചൈന കയ്യേറിയതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. ചൈനയില്‍ നിന്ന് ഭൂമി എന്ന് തിരിച്ചുപിടിക്കുമെന്ന് രാജ്യത്തോട് പറയാന്‍ മോദിയെ രാഹുല്‍ വെല്ലുവിളിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. ഇത് നഗ്നമായി ലംഘിച്ചതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണ റാലിയി്ല്‍ ആയിരങ്ങളാണ് പങ്കെടുത്തത്. കെട്ടിടത്തിന്റെ മുകളിലും മറ്റും സ്ഥാനം പിടിച്ച് ആയിരങ്ങള്‍ കൂടി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പലരും കോവിഡ് മാനദണ്ഡമായ മാസ്‌ക് ധരിക്കുന്നതിന് പോലും തയ്യാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com