കോവിഡ് പരിശോധന/ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ഫയല്‍ ചിത്രം

കുതിച്ചുയര്‍ന്ന് കോവിഡ് ;  24 മണിക്കൂറിനിടെ 1.84 ലക്ഷം പേര്‍ക്ക് രോഗബാധ ; മരണം 1027, ആശങ്ക

രാജ്യത്ത് പ്രതിദിന കോവിഡ് മരണം ആയിരം കടന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1027 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 1,84,372 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,38,73,825 ആയി ഉയര്‍ന്നു. 

ഇന്നലെ  82,339 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,23,36,036 ആയി. നിലവില്‍ ഇന്ത്യയില്‍ 13,65,704 പേരാണ് ചികില്‍സയില്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

പ്രതിദിന മരണവും ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1027 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,72,085 ആയി. രാജ്യത്ത് ഇതുവരെ 11,11,79,578 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെയും രോഗബാധിതരുടെ എണ്ണം അരലക്ഷം കടന്നു. 60,212 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 35,19,208 ആയി ഉയര്‍ന്നു. 

281 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് മരണം 58,526 ആയി. നിലവില്‍ 5,93,042 പേര്‍ ചികില്‍സയിലുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 15 ദിവസത്തേക്ക് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com