'അവരുടെ തലയടിച്ചു പൊട്ടിക്കണം; എന്തെങ്കിലും സംശയമുണ്ടോ?'; കര്‍ഷകരെ മര്‍ദിക്കാന്‍ പൊലീസിന് നിര്‍ദേശം, വീഡിയോ പുറത്ത്

ഹരിയാനയില്‍ ബിജെപി യോഗത്തിന് നേരെ പ്രതിഷേധവുമായി എത്തിയ കര്‍ഷകരെ മര്‍ദിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ വീഡിയോ പുറത്ത്
പൊലീസിന് നിര്‍ദേശം നല്‍കുന്ന സബ് കലക്ടര്‍, അതിക്രമത്തില്‍ പരിക്കേറ്റ കര്‍ഷകന്‍
പൊലീസിന് നിര്‍ദേശം നല്‍കുന്ന സബ് കലക്ടര്‍, അതിക്രമത്തില്‍ പരിക്കേറ്റ കര്‍ഷകന്‍


കര്‍ണാല്‍: ഹരിയാനയില്‍ ബിജെപി യോഗത്തിന് നേരെ പ്രതിഷേധവുമായി എത്തിയ കര്‍ഷകരെ മര്‍ദിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ വീഡിയോ പുറത്ത്. സമരത്തിന് എത്തിയ കര്‍ഷകരുടെ തലയടിച്ചു പൊട്ടിക്കാനാണ് ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹരിയാന സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.ബിജെപി നേതാവ് വരുണ്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാല്‍ എസ്ഡിഎം ആയുഷ് സിന്‍ഹയാണ് സമരം ചെയ്യുന്ന കര്‍ഷകരെ മര്‍ദിക്കാന്‍ പൊലീസിന് ആഹ്വാനം നല്‍കിയത്. 

'ഇത് വളരെ വ്യക്തമാണ്. വന്നത് ആരായാലും, എവിടുന്നു വന്നത് ആയാലും ഒരാളെപ്പോലും അവിടെ (ബിജെപി യോഗം നടക്കുന്നിടത്ത്) എത്താന്‍ അനുവദിക്കരുത്. എന്തുവില കൊടുത്തും അവരെ തടയണം. ലാത്തി എടുത്ത് അവരെ ശക്തമായി അടിക്കുക. ഏതെങ്കിലും ഒരു സമരക്കാരനെ ഇവിടെക്കണ്ടാല്‍,അവന്റെ തല പൊട്ടിയിരിക്കുന്നത് എനിക്ക് കാണണം.അവരുടെ തല അടിച്ചു പൊട്ടിക്കുക'- സിന്‍ഹ പറയുന്നു. 
എന്തെങ്കിലും സംശയമുണ്ടോയെന്ന് സിന്‍ഹ ചോദിക്കുമ്പോള്‍ ഇല്ല സാര്‍ എന്ന് പറയുന്ന പൊലീസുകാരെയും വീഡിയോയില്‍ കാണാം. 

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ പങ്കെടുത്ത ബിജെപി യോഗത്തിന് നേരെ പ്രതിഷേധവുമായി എത്തിയ കര്‍ഷകരെയാണ് ഹരിയാന പൊലീസ് ക്രൂരമായി മര്‍ദിച്ചത്. പത്തുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. കര്‍ണാലിലെ ബസ്താര ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഘര്‍ഷം നടന്നത്. വരുന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപി യോഗം ചേര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com