2017ല്‍ ഏറ്റവും വലിയ ഒറ്റകക്ഷി, ഇപ്പോള്‍ മൂന്ന് എംഎല്‍എമാര്‍ മാത്രം; ഗോവയില്‍ മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

ഗോവയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ രവി നായിക് നിയമസഭയില്‍ നിന്ന് രാജിവച്ചു
രവി നായിക് സ്പീക്കര്‍ക്ക് രാജിസമര്‍പ്പിക്കുന്നു
രവി നായിക് സ്പീക്കര്‍ക്ക് രാജിസമര്‍പ്പിക്കുന്നു


പനാജി: ഗോവയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ രവി നായിക് നിയമസഭയില്‍ നിന്ന് രാജിവച്ചു. നായിക്കിന്റെ രാജിയോടെ, 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം മൂന്നായി. 

പോണ്ട മണ്ഡലത്തിലെ എംഎല്‍എയായ നായിക്, നിയമസഭ സ്പീക്കര്‍ രാജേഷ് പട്‌നേക്കറിന് രാജിക്കത്ത് നല്‍കി. കഴിഞ്ഞവര്‍ഷം ബിജെപിയില്‍ ചേര്‍ന്ന രണ്ട് മക്കള്‍ക്കൊപ്പമാണ് നായിക് രാജി സമര്‍പ്പിക്കാന്‍ എത്തിയത്. താന്‍ ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന് ഉടനെ അറിയിക്കാമെന്ന് നായിക് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അടുത്ത ദിവസം തന്നെ ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തില്‍ നായിക് ബിജെപിയില്‍ ചേരുമെന്നാണ് സൂചന. 

തെരഞ്ഞെടുപ്പ് അടുക്കുന്ന ഗോവയില്‍ നേതാക്കളുടെ തുടരെയുള്ള പാര്‍ട്ടി വിടലുകള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഒക്ടോബറില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലൂസിഞ്ഞോ ഫെലോറോ രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 

അന്ന് ഏറ്റവും വലിയ ഒറ്റകക്ഷി, ഇന്ന് മൂന്നുപേര്‍

2017ലെ തെരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറിയിരുന്നു. എന്നാല്‍ പതിമൂന്ന് സീറ്റ് നേടിയ ബിജെപി പ്രാദേശിക കക്ഷികളെ ഒപ്പംകൂട്ടി സര്‍ക്കാര്‍ രൂപീകരിച്ചു. അന്നുമുതല്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്കും ശക്തമാണ്. 

2017ല്‍ വാല്‍പോയി എംഎല്‍എ വിശ്വജിത് റാണെയാണ് ആദ്യം രാജിവച്ചത്. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന റാണെ, നിലവില്‍ ആരോഗ്യമന്ത്രിയാണ്. പിന്നാലെ രണ്ട് എംഎല്‍എമാര്‍ കൂടി ബിജെപിയിലൈത്തി. 2019ലാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത്. പ്രതിപക്ഷ നേതാവ് ആയിരുന്ന ചന്ദ്രകാന്ത് കവ്‌ലേക്കര്‍ ഉള്‍പ്പെടെ പത്തുപേര്‍ ബിജെപി പാളയത്തിലെത്തി. നിലവില്‍ ഗോവ ഉപമുഖ്യമന്ത്രിയാണ് കവ്‌ലേക്കര്‍. 

നിലവിലെ പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്, അലക്‌സിയോ റെജിനാല്‍ഡോ, പ്രതാപ് സിങ് റാണെ എന്നിവരാണ് ഇനി കോണ്‍ഗ്രസിന് ബാക്കിയുള്ള എംഎല്‍എമാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com