'ഒരു ഗുജറാത്തിക്ക് ഇന്ത്യ ഒട്ടാകെ സഞ്ചരിക്കാമെങ്കില്‍, എന്തുകൊണ്ട് ഒരു ബംഗാളിക്ക് ആയിക്കൂടാ?';  മമത ഗോവയില്‍

അടുത്ത പ്രധാനമന്ത്രി പദമാണ് തന്റെ ലക്ഷ്യമെന്ന് സൂചന നല്‍കി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി
മമതയുടെ റാലി/ എഐടിസി ട്വിറ്റര്‍
മമതയുടെ റാലി/ എഐടിസി ട്വിറ്റര്‍

പനാജി: അടുത്ത പ്രധാനമന്ത്രി പദമാണ് തന്റെ ലക്ഷ്യമെന്ന് സൂചന നല്‍കി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. 'ഒരു ഗുജറാത്തിക്ക് ഇന്ത്യ ഒട്ടാകെ സഞ്ചാരിക്കാമെങ്കില്‍, എന്തുകൊണ്ട് ഒരു ബംഗാളിക്ക് ആയിക്കൂടാ?' ഗോവയിലെ അസൊനോരയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ മമത ബാനര്‍ജി ചോദിച്ചു. ഗോവയില്‍ രണ്ടുദിവസത്തെ സന്ദര്‍ശത്തിന് എത്തിയതായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി. 

'ഞാനൊരു ബംഗാളിയാണെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം ആരാണ്? അദ്ദേഹം ഒരു ഗുജറാത്തിയാണ്. അദ്ദേഹം ഗുജറാത്തി ആയതുകൊണ്ട് ഇവിടെ വരാന്‍ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞോ?' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെ മമത പറഞ്ഞു. 

'ഒരു ബംഗാളിക്ക് ദേശീയഗാനമെഴുതാം. എന്നാല്‍ ഒരു ബംഗാളിക്ക് ഗോവയില്‍ വരാന്‍ പാടില്ലേ?' മമത ചോദിച്ചു. ഗോവയിലെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുനിന്നുള്ള പാര്‍ട്ടിയാണെന്ന ബിജെപിയുടെയും കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മമത. 

'നമ്മളെല്ലാവരും ഗാന്ധിജിയെ ബഹുമാനിക്കുന്നു. എന്നെങ്കിലും ഗാന്ധിജി ഗുജറാത്തിയാണോ ബംഗാളിയാണോ ഗോവക്കാരനാണോയെന്ന് നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ? എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുന്നയാളാണ് ഒരു ദേശത്തിന്റെ നേതാവ് എന്നു പറയുന്നത്'- മമത കൂട്ടിച്ചേര്‍ത്തു. 

ഗോവയിലെ സഖ്യകക്ഷിയായ മഹാരാഷ്ട്രാവാദി ഗോമാന്തക് പാര്‍ട്ടിയുമായി ചേര്‍ന്ന് ആദ്യത്തെ റാലിയും മമത നടത്തി. പനാജിയിലായിരുന്നു റാലി. ഗോവയില്‍ കാടിളക്കിയുള്ള പ്രചാരണത്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. മമത ബാനര്‍ജിയുടെ നിരവധി ഫ്‌ലക്‌സ് ബോര്‍ഡുകളും ഉയര്‍ത്തിക്കഴിഞ്ഞു. ചെറുപാര്‍ട്ടികളെ ചേര്‍ത്ത് സഖ്യമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ പുറത്തുനിന്നുള്ളവര്‍ എന്ന പ്രതിച്ഛായ കാരണം മമതയ്ക്കും കൂട്ടര്‍ക്കും പ്രതീക്ഷിച്ച നേട്ടം ഗോവയില്‍ നേടാന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com