രാത്രി പെണ്‍കുട്ടികളെ എന്തിന് പുറത്തുവിട്ടു ?; ബലാല്‍സംഗക്കേസില്‍ വിവാദ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി

ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമായിരുന്നു നാലംഗ സംഘം പെണ്‍കുട്ടികളെ പീഡിപ്പിച്ചത്
മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയിൽ സംസാരിക്കുന്നു/ഫയല്‍ ചിത്രം
മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയിൽ സംസാരിക്കുന്നു/ഫയല്‍ ചിത്രം

പനാജി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പരാമര്‍ശം വിവാദത്തില്‍. സാവന്തിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം വിമര്‍ശനവുമായി രംഗത്തെത്തി. കഴിഞ്ഞയാഴ്ച ബെനോലിം ബീച്ചില്‍ വെച്ചാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ നാലംഗ സംഘം ആക്രമിച്ചത്. 

ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമായിരുന്നു നാലംഗ സംഘം പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു ആക്രമണം. പീഡിപ്പിച്ച നാലുപേരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഈ സംഭവം നിയമസഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. 

പിറന്നാള്‍ ആഘോഷത്തിനായാണ് പീഡനത്തിന് ഇരയായ കുട്ടികളടങ്ങുന്ന സംഘം ബീച്ചില്‍ പോയത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ( രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും) രാത്രിയായിട്ടും ബീച്ചില്‍ തങ്ങുകയായിരുന്നു. 14 വയസ്സുള്ള കുട്ടികള്‍ രാത്രി ബീച്ചില്‍ തങ്ങുമ്പോള്‍, ഇക്കാര്യം മാതാപിതാക്കള്‍ അന്വേഷിക്കേണ്ടതാണെന്ന് പ്രമോദ് സാവന്ത് നിയമസഭയില്‍ പറഞ്ഞു. 

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കുണ്ട്. രാത്രി പെണ്‍കുട്ടികളെ വീടുവിട്ട് പുറത്തുപോകാന്‍ അനുവദിക്കരുത്, പ്രത്യേകിച്ചും പ്രായപൂര്‍ത്തി ആകാത്തവരാണെങ്കില്‍. കുട്ടികള്‍ അനുസരണക്കേട് കാട്ടിയിട്ട്, പൊലീസിന്റെയും സര്‍ക്കാരിന്റെയും മേല്‍ ഉത്തരവാദിത്തം ചുമത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും രാത്രി പുറത്തിറങ്ങാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് അല്‍ടോണ്‍ ഡികോസ്റ്റ ആരോപിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്തമാണെന്നും, അതിന് കഴിയില്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നും ഗോവ ഫോര്‍വേഡ് പാര്‍ട്ടി എംഎല്‍എ വിജയ് സര്‍ദേശായി ആവശ്യപ്പെട്ടു.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com