മമതയുടെ കാലിന് പരിക്കേറ്റത് കാറിന്റെ ഡോറില്‍ ഞെരുങ്ങി, കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

മമതയ്ക്ക് പരിക്കേറ്റത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു
കാലിന് പരിക്കേറ്റനിലയില്‍ മമത ബാനര്‍ജി / പിടിഐ ചിത്രം
കാലിന് പരിക്കേറ്റനിലയില്‍ മമത ബാനര്‍ജി / പിടിഐ ചിത്രം

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാലിന് പരിക്കേറ്റത് കാറിന്റെ ഡോറില്‍ ഞെരുങ്ങിയാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ബംഗാള്‍ ചീഫ് സെക്രട്ടറി അലാപന്‍ ബന്ദോപാധ്യായ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്നാണ് മമതയുടെ കാലിന് പരിക്കേറ്റതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. 

മമതയ്ക്ക് പരിക്കേറ്റത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കാറിന്റെ ഡോര്‍ മൂലമാണ് മമതയ്ക്ക് കാലിന് പരിക്കേറ്റതെന്ന് വ്യക്തമാക്കുന്നത്. കൊല്‍ക്കത്തയിലെ എസ്‌കെകെഎം ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മമതയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും ഡ്‌സ്ചാര്‍ജ് ചെയ്തിരുന്നു. 

എന്നാല്‍ കാറിന്റെ ഡോര്‍ വലിച്ചടയ്ക്കാനുണ്ടായ സാഹചര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ആരെങ്കിലും മനപ്പൂര്‍വം ഡോര്‍ വലിച്ചടച്ചത് ആണോ എന്നും റിപ്പോര്‍ട്ട് പറയുന്നില്ല. അതേസമയം മാര്‍ച്ച് 10 ന് നന്ദിഗ്രാമില്‍ വെച്ച് മമതയ്ക്ക് പരിക്കേല്‍ക്കുന്ന സമയത്ത്, അവിടെ വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നതായി ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ബിജെപിയുടെ രാഷ്ട്രീയഗൂഢാലോചനയുടെ ഫലമായാണ് മമതയ്ക്ക് പരിക്കേറ്റതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. ഇതിനിടെ ബിജെപി നേതാക്കള്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. സംഭവത്തിന്റെ യഥാര്‍ത്ഥ വീഡിയോ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി ബിജെപി നേതാവ് ഭൂപീന്ദര്‍ യാദവ് പറഞ്ഞു. നന്ദിഗ്രാമിലും മറ്റ് പ്രശ്‌നബാധിത മണ്ഡലങ്ങളിലെല്ലാം പ്രത്യേക നിരീക്ഷകരെ നിയോഗിക്കണമെന്നും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com