ജനിതക പരിശോധന നടത്തിയ സാമ്പിളുകളില്‍ 81 ശതമാനവും  അതിവേഗ വൈറസ്; പഞ്ചാബില്‍ ആശങ്ക

പഞ്ചാബില്‍ ജനിതക ശ്രേണീകരണത്തിന് അയച്ച 401 സാമ്പിളുകളില്‍ 81 ശതമാനവും ബ്രിട്ടനിലെ അതിവേഗ വൈറസെന്ന് കണ്ടെത്തല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചണ്ഡീഗഡ്: പഞ്ചാബില്‍ ജനിതക ശ്രേണീകരണത്തിന് അയച്ച 401 സാമ്പിളുകളില്‍ 81 ശതമാനവും ബ്രിട്ടനിലെ അതിവേഗ വൈറസെന്ന് കണ്ടെത്തല്‍. ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 10 വരെ ജനിതക ശ്രേണീകരണത്തിന് വേണ്ടി അയച്ച സാമ്പിളുകളിലാണ് ഞെട്ടിക്കുന്ന ഫലം. ഇക്കാലയളവില്‍ 401 സാമ്പിളുകളാണ് ദേശീയ സ്ഥാപനമായ എന്‍സിഡിസിയിലേക്ക് അയച്ചത്.

പഞ്ചാബില്‍ അടുത്തിടെ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. പ്രതിദിനം ശരാശരി രണ്ടായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അതിനിടെയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ട്. ജനുവരി ഒന്നുമുതല്‍ ജനിതക ശ്രേണീകരണത്തിന് അയച്ച 401 സാമ്പിളുകളില്‍ 326 എണ്ണത്തിലും ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. വൈറസിന്റെ ബ്രിട്ടന്‍ വകഭേദമായ ബി.1.1.7 ആണ് ഈ സാമ്പിളുകളില്‍ കണ്ടെത്തിയതെന്ന് കോവിഡ് വിദഗ്ധ സമിതി തലവനായ ഡോ കെ കെ തല്‍വാര്‍ പറഞ്ഞു.

യുകെ വൈറസിന് വ്യാപന ശേഷി കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഷീല്‍ഡ് വാക്‌സിന്‍ ഈ വൈറസിനെ ചെറുക്കാന്‍ പര്യാപ്തമാണെന്ന് തല്‍വാര്‍ പറഞ്ഞതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. വൈറസിന്റെ ബ്രിട്ടന്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ അതിവേഗമാണ് വ്യാപിക്കുന്നത്. 

പുതിയ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചതായി അമരീന്ദര്‍ സിങ് പറഞ്ഞു.യുവാക്കളെയും വാക്‌സിനേഷന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അമരീന്ദര്‍ സിങ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com