രോഗബാധിതര്‍ ആദ്യമായി ലക്ഷം കടന്നു, വ്യാപനം അതിരൂക്ഷം, ആശങ്ക
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 09:50 AM |
Last Updated: 05th April 2021 09:50 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്ത്യയില്‍ 1,03,558 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.
കഴിഞ്ഞ സെപ്റ്റംബര്‍ 16 ന് 97,894 പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായിരുന്നു ഏറ്റവും ഉയര്‍ന്ന കണക്ക്. ഇതാണ് മറികടന്നത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിരൂക്ഷമാകുകയാണ്.
നിലവില്‍ 7,41,830 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇന്നലെ 52,847 പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,16,82,136 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 478 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 1,65,101 ആയി. രാജ്യത്ത് ഇതുവരെ 7,91,05,163 പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.