പരാജയം മറയ്ക്കാന്‍ ആശങ്ക പരത്തുന്നു; മഹാരാഷ്ട്ര സര്‍ക്കാരിന് എതിരെ കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ച മഹാരാഷ്ട്ര സര്‍ക്കാരിന് എതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍/ എഎൻഐ ചിത്രം
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍/ എഎൻഐ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ച മഹാരാഷ്ട്ര സര്‍ക്കാരിന് എതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ചില സംസ്ഥാനങ്ങള്‍ തങ്ങളുടെ പരാജയം മറച്ചുവയ്ക്കാന്‍ കാരണം കണ്ടെത്തുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണം സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്നു. വിതരണം സംബന്ധിച്ചുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രതികരണം പരാജയം മറയ്ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. മൂന്നുദിവസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ തീര്‍ന്നുപോകുമെന്നും കൂടുതല്‍ വാക്‌സിന്‍ ഉടന്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. 

ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിങ്ങനെ കൃത്യമായ മാനദണ്ഡം അനുസരിച്ചാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ഇപ്പോള്‍ 45 വയസു മുതലുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. വാക്‌സിന് ക്ഷാമമുണ്ടെന്ന വാദം തെറ്റാണ്. ഉല്‍പാദന വിതരണ പ്രക്രിയക്കനുസരിച്ച് വാക്‌സിന്‍ നല്‍കി വരുന്നുണ്ട്. ഇത്തരത്തില്‍ ഘട്ടം ഘട്ടമായി വാക്‌സിന്‍ നല്‍കുന്ന രീതിയാണ് ലോകത്തെവിടെയും ഉള്ളത്. അതനുസരിച്ച് കൃത്യമായ സമയത്ത് സൗജന്യമായി തന്നെ നല്‍കാന്‍ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കുന്നുണ്ട്.

ആദ്യ ഘട്ടമായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ പോലും കാര്യക്ഷമമായി ചെയ്യാന്‍ ഈ സംസ്ഥാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ 86 ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം ദില്ലിയില്‍ 72 ശതമാനവും പഞ്ചാബില്‍ 64 ശതമാനവുമാണ്. പത്ത് സംസ്ഥാനങ്ങള്‍ മാത്രമാണ് 90 ശതമാനത്തിന് മുകളില്‍ ഇത് പൂര്‍ത്തിയാക്കിയത്.

മഹാരാഷ്ട്രയില്‍ തന്നെ വെറും 41 ശതമാനം ആരോഗ്യ പ്രവര്‍ത്തകരാണ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. ദില്ലിയലിത് 41 ശതമാനമാണെങ്കില്‍  പഞ്ചാബില്‍ 27 ശതമാനമാണ്. മറ്റ് 12 സംസ്ഥാനങ്ങള്‍ മാത്രമാണ് ഇത് 60 ശതമാനത്തിന് മുകളില്‍ ചെയ്തത്.

ഇത്തരത്തില്‍ വാക്‌സിനേഷനിലടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പരാജയം മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ പഴി ചാരുന്നത് ശരിയല്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എന്ത് സഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. ഇക്കാര്യങ്ങളെ രാഷ്ട്രീയമായി കാണരുതെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com