പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം; രാഹുലിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍

ഒമ്പതു വയസുകാരിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ദൃശ്യങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായി ഒന്‍പതുവയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍. ഒമ്പതു വയസുകാരിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ദൃശ്യങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത് ട്വിറ്റര്‍ നിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ് നീക്കം ചെയ്തത്.

നിയമം അനുസരിച്ച് പീഡനത്തിന് ഇരയുടേയും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതുമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് കുറ്റകരമാണ്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിവാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ ട്വിറ്ററിന് നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത് ശ്രദ്ധയില്‍ പെട്ടുവെന്നും ഇതിന് ശേഷമാണ് ബാലാവകാശ കമ്മീഷന്‍ നടപടിയെടുത്തതെന്നും കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ പ്രിയങ്ക് കനൂങ്ങോ പറഞ്ഞു.

ഡല്‍ഹി കന്റോണ്‍മെന്റിലെ പൊതു ടാപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ ഒമ്പതു വയസുകാരിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു.  ഇതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് വന്‍ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com