16കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, കല്ല് കൊണ്ട് ഇടിച്ചുകൊന്നു, സമാനരീതിയില്‍ മുത്തച്ഛനെയും പിഞ്ചുകുഞ്ഞിനെയും കൊലപ്പെടുത്തി; തൊഴിലുടമ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2021 09:33 PM  |  

Last Updated: 04th February 2021 09:33 PM  |   A+A-   |  

MURDER CASE

പ്രതീകാത്മക ചിത്രം

 

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 16കാരി ഉള്‍പ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തി. 16കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കല്ല് കൊണ്ട് ഇടിച്ചു കൊല്ലുകയായിരുന്നു. 55 വയസുള്ള മുത്തച്ഛനെയും നാലു വയസുള്ള കുട്ടിയെയും സമാനമായ രീതിയിലാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മുന്‍ തൊഴിലുടമയെയും അഞ്ച് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു.

ഛത്തീസ്ഗഡിലെ കോര്‍ബയിലാണ് സംഭവം. മൂന്ന് ദിവസമായി കാണാതായ ഒരു കുടുംബത്തിലെ മൂന്ന്‌പേരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊഴിലുടമ 55 വയസുകാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.  കുട്ടികളുമായി ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. വഴിയില്‍ വച്ചു തൊഴിലുടമ ഇവരെ തടഞ്ഞു. മോട്ടോര്‍ സൈക്കിളില്‍ കയറാന്‍ ഇവരെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് 35 കിലോമീറ്റര്‍ അകലെ കാട്ടില്‍ കൊണ്ടുപോയി ഇവരെ കൊലപ്പെടുത്തി എന്നതാണ് കേസ്.

ഇവരെ കാത്ത് തൊഴിലുടമയുടെ കൂട്ടാളികള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ മുന്നില്‍ വച്ച് 55കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ നിലത്തുവീണ 55കാരനെ കല്ല് കൊണ്ട് ഇടിച്ചുകൊന്നു. തുടര്‍ന്ന് നാലുവയസുള്ള കുട്ടിയെയും സമാനമായ നിലയില്‍ കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് 16 വയസുകാരിയുടെ നേര്‍ക്ക് അക്രമികള്‍ തിരിഞ്ഞു.കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കല്ല് കൊണ്ട് തന്നെയാണ് 16കാരിയെയും കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹത്തിന് മുകളില്‍ കല്ലുകള്‍ കൂട്ടിവെച്ചു.

മൂന്നുപേരെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മൂന്നുപേരും സഞ്ചരിക്കാന്‍ സാധ്യതയുള്ള സ്ഥലം പരിശോധിച്ച ശേഷം തൊഴിലുടമയെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. മൂന്നുപേരെയും കൊലപ്പെടുത്തിയതായി തൊഴിലുടമ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. സാമ്പത്തികമായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് തൊഴിലുടമ നല്‍കിയ മൊഴി. എന്നാല്‍ 16കാരിയെ ബലാത്സംഗം ചെയ്യുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു.