വായില്‍ പിച്ചള പാത്രം തിരുകിയ നിലയില്‍, പട്ടില്‍ പൊതിഞ്ഞ മൃതദേഹത്തിന് ചുറ്റും പൂജാദ്രവ്യങ്ങള്‍; പെണ്‍മക്കളെ ബലി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആന്ധ്രയില്‍ രണ്ട് പെണ്‍മക്കളെ കൊന്ന് ദമ്പതികള്‍ ബലി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ദമ്പതികളുടെ ക്രൂരതയ്ക്ക് ഇരയായ പെണ്‍മക്കള്‍
ദമ്പതികളുടെ ക്രൂരതയ്ക്ക് ഇരയായ പെണ്‍മക്കള്‍

ഹൈദരാബാദ്: ആന്ധ്രയില്‍ രണ്ട് പെണ്‍മക്കളെ കൊന്ന് ദമ്പതികള്‍ ബലി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടില്‍ നിന്ന് അസാധാരണമായ ശബ്ദം കേട്ട് നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് എത്തിയ പൊലീസുകാരെ അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ദമ്പതികള്‍ തടഞ്ഞതായി പൊലീസ് പറയുന്നു. തുടര്‍ന്ന് അകത്തുകടന്നപ്പോള്‍ ഒരു കുട്ടിയെ പൂജാമുറിയിലും സഹോദരിയെ അടുത്ത മുറിയിലും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍ നിന്ന് കണ്ടെടുത്ത പട്ടില്‍ പൊതിഞ്ഞ നിലയിലുള്ള പെണ്‍കുട്ടിയുടെ മൃതദേഹത്തിന് ചുറ്റും പൂജാദ്രവ്യങ്ങള്‍ നിരത്തിയിരുന്നതായി പൊലീസ് പറയുന്നു. കുട്ടികളില്‍ ഒരാളുടെ വായില്‍ പിച്ചള പാത്രം തിരുകിയിരുന്നതായും പൊലീസ് പറയുന്നു.

ചിറ്റൂര്‍ ജില്ലയിലെ മദനപ്പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം. ഈ കൊലപാതകത്തിന് പിന്നിലെ മന്ത്രവാദിയുടെ പങ്കിനെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. മന്ത്രവാദിയുടെ ഉപദേശപ്രകാരമാണ് ബലി നല്‍കിയതെന്നാണ് ആക്ഷേപം. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡെപ്യൂട്ടി സൂപ്രണ്ട് രവി മനോഹര ചാരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് തീരുമാനം. മന്ത്രിവാദിയോ മറ്റോ വീട്ടില്‍ സ്ഥിരമായി വന്നിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. നഗരത്തിന്റെ പുറത്തേയ്ക്ക് ഇവര്‍ വീട് മാറി പോയതിന് ശേഷം  കുടുംബവുമായി അടുത്ത ബന്ധമില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ കര്‍ണാടക രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനത്തില്‍ സ്വാമിജിയുടെ വേഷത്തില്‍ ചിലര്‍ ദമ്പതികളുടെ വീട്ടില്‍ വന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രവാദിയുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നത്.

കലിയുഗം ഞായറാഴ്ച അവസാനിക്കുമെന്നും തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന സത്യയുഗത്തില്‍ പെണ്‍മക്കള്‍ പുനര്‍ജനിക്കുമെന്ന മന്ത്രവാദിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍മക്കളെ സമൂഹത്തില്‍ ഉന്നതനിലയില്‍ കഴിയുന്ന ദമ്പതികള്‍ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 27കാരിയായ മകള്‍ അലേഖ്യയെയും 22 വയസുള്ള സായി ദിവ്യയെയുമാണ് ദമ്പതികളുടെ ക്രൂരതയ്ക്ക് ഇരകളായത്. 

സ്‌കൂളില്‍ പ്രധാനാധ്യാപകരായി ജോലി ചെയ്യുന്നവരാണ് പദ്മജയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവും. ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരുടെയും പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഞായറാഴ്ച രാത്രി വീട്ടില്‍ നിന്ന് വിചിത്ര ശബ്ദങ്ങള്‍ ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ചുവന്ന തുണിയില്‍ പൊതിഞ്ഞ പെണ്‍കുട്ടികളുടെ മൃതദേഹമാണ് പൂജാ മുറിയില്‍ കണ്ടെത്തിയത്. 

മൂത്തമകള്‍ അലേഖ്യ ഭോപ്പാലില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബിബിഎ വിദ്യാര്‍ത്ഥിനിയാണ് സായി ദിവ്യ. മുംബൈയിലെ എആര്‍ റഹ്മാന്‍ മ്യസിക് സ്‌കൂളിലും സായി ദിവ്യ പഠിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നാളിലാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com