പ്രധാനമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റം; മന്ത്രിമാരെ പരിചയപ്പെടുത്തുന്നത് തടഞ്ഞ് പ്രതിഷേധം, സംഘര്‍ഷഭരിതം പാര്‍ലമെന്റ്

കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷോധം
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയല്‍ സംസാരിക്കുന്നു/ രാജ്യസഭ ടിവി
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയല്‍ സംസാരിക്കുന്നു/ രാജ്യസഭ ടിവി


ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം പാര്‍ലമെന്റില്‍ പ്രതിപക്ഷവും പ്രധാനമന്ത്രിയും തമ്മില്‍ വാക്കേറ്റം. കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തുന്ന പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷാംഗങ്ങള്‍ തടസ്സപ്പെടുത്തി. പ്രതിപക്ഷ ആരോപണത്തിന് പ്രധാനമന്ത്രി രൂക്ഷഭാഷയില്‍ മറുപടി നല്‍കി. 

പുതിയ മന്ത്രിമാരില്‍ കൂടുതലും സ്ത്രീകളും ദലിതരും ആദിവാസികളും ആയതിനാല്‍ പ്രതിപക്ഷത്തിന് ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. 

മന്ത്രിമാരെ സ്വാഗതം ചെയ്യാന്‍ സഭാംഗങ്ങള്‍ ഉത്സാഹം കാണിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായും മോദി പറഞ്ഞു. 'ചില പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്നവര്‍ മന്ത്രിമാരാകുന്നത് ചിലര്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് അവര്‍ ബഹളം വെയ്ക്കുന്നത്'-മോദി പറഞ്ഞു.'എന്താണ് ഇങ്ങനെയൊരു മാനസികാവസ്ഥ?, ഇത്തരത്തിലുള്ള ബഹളം സഭയില്‍ ആദ്യമായി കാണുകയാണ്'- മോദി കുറ്റപ്പെടുത്തി.

പുതുതായി എത്തിയ നാല് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം,പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താന്‍ പ്രധാനമന്ത്രിയെ സ്പീക്കര്‍ ഓം ബിര്‍ല ക്ഷണിക്കുകയായിരുന്നു. എന്നാല്‍, തങ്ങള്‍ ഇന്ധനവില ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിച്ചു. 

'നിങ്ങളും അധികാരത്തില്‍ ഇരുന്നവരാണ്. സഭയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്. ഇതൊരു വലിയ ജനാധിപത്യരാജ്യമാണ്. നിങ്ങളൊരു മോശം മാതൃകയാണ് കാണിക്കുന്നത്.'സ്പീക്കര്‍ ഓം ബിര്‍ല പ്രതിപക്ഷത്തെ വിമര്‍ശിച്ചു. എന്നാല്‍ പ്രതിഷേധം നിര്‍ത്താന്‍ പ്രതിപക്ഷം തയ്യാറായില്ല. 

മരണപ്പെട്ട നാല്‍പ്പത് മുന്‍ അംഗങ്ങള്‍ക്കായുള്ള ഉപചാരം അര്‍പ്പിക്കുന്നതിനിടയിലും പ്രതിപക്ഷാഗംങ്ങള്‍ ബഹളം വെച്ചു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. 

കര്‍ഷക സമരത്തിനിടയില്‍ മരിച്ച കര്‍ഷകര്‍ക്ക് വേണ്ടിയും ഉപചാരം അര്‍പ്പിക്കണമെന്ന് ശിരോമണി അകാലിദള്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. രണ്ടുമണിവരെ സഭ നിര്‍ത്തിവച്ചു. വീണ്ടും സഭ ചേര്‍ന്നപ്പോള്‍ ബഹളം കാരണം 3.30വരെ നിര്‍ത്തിവച്ചു. 

രാജ്യസഭയിലും പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ 17 നോട്ടീസുകള്‍ക്ക് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അനുമതി നല്‍കിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com