കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം; കേന്ദ്രത്തോട് സുപ്രീംകോടതി 

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം നല്‍കുന്നതിന് ആറാഴ്ചക്കകം മാര്‍ഗരേഖ തയ്യാറാക്കണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ദേശീയ ദുരന്തനിവാരണ അതോറിറ്റി നിയമം അനുസരിച്ചാണ് മാര്‍ഗരേഖ തയ്യാറാക്കേണ്ടത്. എത്ര തുക നല്‍കണമെന്നതിനെ കുറിച്ച് സുപ്രീംകോടതി വ്യക്തമാക്കിയില്ല. തുക നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായുള്ള മൂന്നംഗ ബഞ്ചാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് നിര്‍ദേശിച്ചത്. കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്. നഷ്ടപരിഹാരം നല്‍കുന്നതിന് ആറാഴ്ചക്കകം മാര്‍ഗരേഖ തയ്യാറാക്കണം. ഇക്കാലയളവില്‍ നഷ്ടപരിഹാരമായി നല്‍കുന്ന തുക നിര്‍ണയിക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറ്റിയോടും സുപ്രീംകോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം കേസിന്റെ വാദത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുകയുള്ളൂ. കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാനങ്ങള്‍ക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.

 കോവിഡ് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് 183 പേജുള്ള സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.  

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് 3.85 ലക്ഷത്തിലധികം പേരാണ് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം നല്‍കാന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം കോവിഡിതര രോഗങ്ങള്‍ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് ഉചിതമല്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.

നിലവില്‍ സംസ്ഥാനങ്ങളുടെ ആരോഗ്യചെലവ് വര്‍ധിച്ചിട്ടുണ്ട്. അതേസമയം നികുതി വരുമാനം കുറവാണ്. കോവിഡ് ബാധിച്ച് മരിച്ച ലക്ഷക്കണക്കിന് ആളുകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com