30 ശതമാനം മുസ്ലിംകള്‍ ഒരുമിച്ചാല്‍ രാജ്യത്ത് നാലു പാകിസ്ഥാനുകള്‍ ഉണ്ടാക്കാനാകും ; വിവാദ പ്രസ്താവനയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്

ബംഗാളിലെ ഭൂരിപക്ഷ ജനതയെ മമത സര്‍ക്കാര്‍ രണ്ടാംകിട പൗരന്മാരായി തരംതാഴ്ത്തിയെന്ന് ബിജെപി
ഷെയ്ഖ് ആലം / എഎന്‍ഐ ചിത്രം
ഷെയ്ഖ് ആലം / എഎന്‍ഐ ചിത്രം

കൊല്‍ക്കത്ത : 30 ശതമാനം മുസ്ലിംകള്‍ ഒരുമിച്ചാല്‍ രാജ്യത്ത് നാലു പാകിസ്ഥാനുകള്‍ ഉണ്ടാക്കാനാകുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദത്തില്‍. തൃണമൂല്‍ നേതാവ് ഷേയ്ഖ് ആലം ആണ് വിവാദ പ്രസ്താവന നടത്തിയത്. ബീര്‍ഭൂമിലെ ബാസപോരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. 

ഞങ്ങള്‍ 30 ശതമാനം പേരും അവര്‍ 70 ശതമാനം പേരുമാണ്. ഈ 70 ശതമാനം പേരുടെ പിന്തുണ കൊണ്ടാണ് അവര്‍ അധികാരത്തിലെത്തിയത്. അതില്‍ അവര്‍ക്ക് ലജ്ജയില്ലേ. മുസ്ലിംകള്‍ ഒരുമിച്ചാല്‍ ഒന്നല്ല, നാലു പാകിസ്ഥാനുകള്‍ ഉണ്ടാക്കാനാകും. അപ്പോള്‍ ഈ 70 ശതമാനം പേര്‍ എവിടെപ്പോകുമെന്ന് ഷേയ്ഖ് ആലം ചോദിച്ചു. 

നാനൂര്‍ മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിധാന്‍ ചന്ദ്ര മാജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഷേയ്ഖ് ആലത്തിന്റെ വര്‍ഗീയ പ്രസ്താവന. തൃണമൂല്‍ നേതാവിന്റെ വിവാദ പ്രസ്താവനക്കെതിരെ ബിജെപി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

മുഖ്യമന്ത്രി മമതബാനര്‍ജിയുടെ പ്രീണനരാഷ്ട്രീയത്തിന്റെ ഫലമായാണ് ഷെയ്ഖ് ആലത്തെപ്പോലുള്ള തൃണമൂല്‍ നേതാക്കള്‍ നാലു പാകിസ്ഥാന്‍ രൂപീകരിക്കുമെന്ന സ്വപ്നം  കാണുന്നത്. ബംഗാളിലെ ഭൂരിപക്ഷ ജനതയെ മമത സര്‍ക്കാര്‍ രണ്ടാംകിട പൗരന്മാരായി തരംതാഴ്ത്തിയെന്നും ബിജെപി ഐടിസെല്‍ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com