എന്തിനീ ക്രൂരത...?; കോവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു, രണ്ടുവയസ്സുകാരന്‍ മരിച്ചു

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്ന രണ്ടുവയസ്സുള്ള കുട്ടി മരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റാഞ്ചി: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച രണ്ടുവയസ്സുള്ള കുട്ടി മരിച്ചു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടി മരിച്ചതിനു ശേഷവും രക്ഷിതാക്കളെ കണ്ടെത്താന്‍ കഴിയാതെവന്നതോടെ ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (റിംസ്) അധികൃതരാണ് ശവസംസ്‌കാരം നടത്തി.ആശുപത്രിയിലെ വാര്‍ഡ് ബോയ് ആണ് കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

മാതാപിതാക്കള്‍ രണ്ട് വയസുകാരനെ ഉപേക്ഷിച്ചു പോയകാര്യം അറിഞ്ഞതോടെയാണ് കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് വാര്‍ഡ് ബോയ് രോഹിത് ബേഡിയ പറഞ്ഞു. അന്ത്യകര്‍മം ചെയ്യാന്‍ ആരുമില്ലാത്ത സ്ഥിതിയായിരുന്നു. തന്നോട് അക്കാര്യം ആവശ്യപ്പെട്ടയുടന്‍ മടിച്ചുനില്‍ക്കാതെ മുന്നിട്ടിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ ജാമുയി സ്വദേശികളാണ് മരിച്ച കുട്ടിയുടെ മാതാപിതാക്കളെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മെയ് പത്തിന് രാത്രി വൈകിയാണ് അവര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കുട്ടിയെ പീഡിയാട്രിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പെട്ടെന്നാണ് ശ്വാസതടസം അനുഭവപ്പെട്ട് തുടങ്ങിയതെന്ന് മാതാപിതാക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം ഉച്ചയോടെ കുട്ടിക്ക് കോവിഡ് ബാധയും സ്ഥിരീകരിച്ചു.

കോവിഡ് പരിശോധനാഫലം വന്നതിനു പിന്നാലെ കുട്ടിയുടെ മാതാപിതാക്കളെ കാണാതായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മെയ് 11 ന് വൈകീട്ട് മൂന്നോടെ കുട്ടി മരിച്ചു. ആശുപത്രിയില്‍ നല്‍കിയ ഫോണ്‍നമ്പറുകളില്‍ രക്ഷിതാക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. മൂന്ന് ദിവസം കഴിഞ്ഞിട്ടും രക്ഷിതാക്കളെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ജില്ല ഭരണകൂടത്തിന്റെ അനുമതിയോടെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com