എന്താണ് സേവ് ലക്ഷദ്വീപ് ക്യാമ്പയിന്‍? അറിയേണ്ടതെല്ലാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2021 05:00 PM  |  

Last Updated: 24th May 2021 05:02 PM  |   A+A-   |  

praful patel

നരേന്ദ്ര മോദിക്കൊപ്പം പ്രഫുല്‍ പട്ടേല്‍/ട്വിറ്റര്‍

 

ഴിഞ്ഞകുറച്ചുദിവസങ്ങളായി സേവ് ലക്ഷദ്വീപ് ഹാഷ്ടാഗ് ക്യാമ്പയിന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. നിരവധി പ്രമുഖരും ക്യാമ്പയിന് ഐക്യദര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലേക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയോഗിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ദ്വീപ് ജനതയാകെ എതിര്‍ക്കുന്ന പ്രഫുല്‍ പട്ടേല്‍ എന്ന ബിജെപി നേതാവിനെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ട് സിപിഎം എംപി എളമരം കരീം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തു നല്‍കിയിരിക്കുകയാണ്. എന്താണ് സേവ് ലക്ഷദ്വീപ് ക്യാമ്പയിന്‍? ആരാണ് പ്രഫുല്‍ ഖോദ പട്ടേല്‍? 

പ്രതിഷേധം എന്തിന്?

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ദിനേശ്വര്‍ ശര്‍മ ഐപിഎസ് അന്തരിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപിന്റെ  അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിക്കുന്നത്. ഉദ്യോഗസ്ഥര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന സ്ഥാനം രാഷ്ട്രീയ നേതാവിലേക്ക് ആദ്യമായാണ് എത്തുന്നത്. 

മുസ്ലിം ഭൂരിപക്ഷ ദ്വീപില്‍, ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കുറവുള്ള ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കിയതും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തിയതും ഡയറി ഫാമുകള്‍ അടച്ച്, അമൂലിന്ഔട്‌ലറ്റ് തുടങ്ങാന്‍ അനുമതി നല്‍കിയതും ജനരോക്ഷത്തിന് കാരണമായി. മെയ് അവസാനത്തോട പശുക്കളെ ലേലം ചെയ്യണമെന്നാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. റിസോര്‍ട്ടുകളില്‍ മദ്യവിതരണത്തിന് അനുമതി നല്‍കിയതും വിവാദമായി. ലക്ഷദ്വീപില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ്വീപ് ഡയറി എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. ദ്വീപില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ആദ്യ ഓണ്‍ലൈന്‍ മാധ്യമമാണ് ഇത്.

 ഫയല്‍ ചിത്രം
 

മത്സ്യബന്ധത്തെ ആശ്രയിച്ച് കഴിയുന്ന ദ്വീപ് വാസികള്‍ തൊഴിലിനു വേണ്ടി ഉപയോഗിച്ചിരുന്ന ചില ഹാര്‍ബറുകള്‍ പൊളിച്ചുനീക്കാനും അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിട്ടിരുന്നു. സ്‌കൂളുകളില്‍ മാംസാഹാരം നിരോധിച്ചുകൊണ്ടുള്ള ഉത്തരവും വിവാദമായിട്ടുണ്ട്. 

ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ സേവ് ലക്ഷദ്വീപ് ക്യാമ്പയിന്‍ ആരംഭിച്ചത്. നിരവധിപേര്‍ ഇതിനോടകം ക്യാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. വി ടി ബല്‍റാം, പൃഥ്വിരാജ്, തോമസ് ഐസക്, റിമ കല്ലിങ്കല്‍ തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 

ആരാണ് പ്രഫുല്‍ ഖോദ പട്ടേല്‍ ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള സംഘപരിവാര്‍ നേതാവാണ് പ്രഫുല്‍ പട്ടേല്‍.2010ല്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ ജയിലിലായപ്പോള്‍, മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആഭ്യന്തര വകുപ്പ് ഏല്‍പ്പിച്ചത് പ്രഫുല്‍ പട്ടേലിനെ ആയിരുന്നു. 

ആര്‍എസ്എസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുള്ള പ്രഫുല്‍, 2007ലാണ് ആദ്യമായി ഗുജറാത്ത് നിയമസഭയിലെത്തുന്നത്. മോദി സ്ഥിരമായി സന്ദര്‍ശിക്കുമായിരുന്ന ആര്‍എസ്എസ് നേതാവ് ഖോദാഭായ് രഞ്ചോഭായ് പട്ടേലിന്റെ മകനാണ് പ്രഫുല്‍. 

ചിത്രം: ട്വിറ്റര്‍
 

2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രഫുല്‍, സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറി. 2014ല്‍ മോദി പ്രധാനമന്ത്രിയായപ്പോള്‍ ദാമന്‍ ആന്റ് ദിയു അഡ്മിനിസ്‌ട്രേറ്ററായി പൊതുരംഗത്തേക്ക് മടക്കം. 2016ല്‍ ദാദ്ര ആന്റ് നാഗവര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്ററായും നിയമിതനായി.