ശക്തി മില്‍ കൂട്ട ബലാത്സംഗം: പ്രതികളുടെ വധശിക്ഷ റദ്ദാക്കി, ജീവിതാവസാനം വരെ തടവ്, പരോള്‍ അനുവദിക്കില്ല

വധശിക്ഷ നല്‍കുന്നതിനുള്ള അടിസ്ഥാനം സമൂഹത്തിന്റെ മുറവിളി ആവരുതെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കോളിളക്കമുണ്ടാക്കിയ ശക്തിമില്‍സ് കൂട്ട ബലാത്സംഗ കേസില്‍ പ്രതികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. വിജയ് ജാദവ്, മുഹമ്മദ് കാസിം ബംഗാളി, മുഹമ്മദ് സലിം അന്‍സാരി എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്. ഇവര്‍ ജീവിതാവസാനം വരെ ജയിലില്‍ കഴിയണം.

2013ല്‍ മുംബൈയിലെ ശക്തി മില്ലില്‍ ഫോട്ടോയെടുക്കാന്‍ പോയ ജേണലിസ്റ്റിനെ കൂട്ട ബാലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ കെട്ടിയിട്ട ശേഷമായിരുന്നു ആക്രമണം. 

ശക്തി മില്‍ കൂട്ടബലാത്സംഗ കേസില്‍ അഞ്ചു പ്രതികള്‍

അഞ്ചു പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ മൂന്നു പേര്‍ക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഒരാള്‍ക്കു ജീവപര്യന്തം തടവും വിധിച്ചു. കൃത്യം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തി ആവാത്ത ഒരാളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

സമാനമായ മറ്റൊരു കേസിലും കുറ്റക്കാരെന്നു കണ്ടാണ് മൂന്നു പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

വധശിക്ഷ എന്തുകൊണ്ട് റദ്ദാക്കി?

സമൂഹ മനസ്സാക്ഷിയെ പിടിച്ചുലച്ച കേസാണ് ഇതെന്ന് ജസ്റ്റിസുമാരായ എസ്എസ് ജാദവും പികെ ചവാനും അഭിപ്രായപ്പെട്ടു. ബലാത്സംഗത്തിന് ഇരയാവുന്നയാള്‍ ശരീരികമായി മാത്രമല്ല, മാനസികമായും ആക്രമിക്കപ്പെടുകയാണ്. അത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. എന്നാല്‍ സമൂഹത്തിന്റെ മുറവിളി വിധിയെ സ്വാധീനിക്കരുത്. ഒരു കേസില്‍ വധശിക്ഷ നല്‍കുന്നതിനുള്ള അടിസ്ഥാനം സമൂഹത്തിന്റെ മുറവിളി ആവരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതികള്‍ ജീവിതാവസാനം വരെ ജയിലില്‍ കഴിയണം. ഇവര്‍ക്കു പരോളിന് അര്‍ഹതയുണ്ടാവില്ല. സമൂഹവുമായി ഇടപഴകുന്നത് ഒഴിവാക്കാനാണ് പരോള്‍ നിഷേധിക്കുന്നതെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com