കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 'ഒന്നു' പിഴച്ചു; ഉറപ്പായ രാജ്യസഭ സീറ്റ് നഷ്ടമായി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിപുണ്‍ ബോറയുടെ രാജ്യസഭാംഗത്വമാണ് സിദ്ധിഖിന്റെ അശ്രദ്ധയില്‍ പൊലിഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുവാഹത്തി: എംഎല്‍എയുടെ അശ്രദ്ധയെത്തുടര്‍ന്ന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമായിരുന്ന സീറ്റ് നഷ്ടമായി. അസമില്‍ പാര്‍ട്ടിക്ക് ലഭിക്കേണ്ട സീറ്റാണ് എംഎല്‍എ വരുത്തിയ പിഴവിനെ തുടര്‍ന്ന് നഷ്ടമായത്. ഈ സീറ്റില്‍ ബിജെപി സഖ്യകക്ഷി സ്ഥാനാര്‍ത്ഥി വിജയിച്ചു. 

ഇതോടെ സംസ്ഥാനത്തെ രണ്ടു സീറ്റുകളും ബിജെപി മുന്നണി കരസ്ഥമാക്കി. കരിംഗഞ്ച് സൗത്തില്‍ നിന്നുള്ള എംഎല്‍എയും മുന്‍മന്ത്രിയുമായ സിദ്ധിഖ് അഹമ്മദാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ വന്‍ പിഴവു വരുത്തിയത്. ബാലറ്റ് പേപ്പറില്‍ '1' എന്ന് എഴുതേണ്ടതിന് പകരം 'വണ്‍' എന്ന് എഴുതിയതോടെയാണ് വോട്ട് അസാധുവായത്. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിപുണ്‍ ബോറയുടെ രാജ്യസഭാംഗത്വമാണ് സിദ്ധിഖിന്റെ അശ്രദ്ധയില്‍ പൊലിഞ്ഞത്. വോട്ടെടുപ്പിനായി കോണ്‍ഗ്രസ് മൂന്നുവരി വിപ്പ് പുറപ്പെടുവിച്ചിരുന്നു. വോട്ടിംഗില്‍ പിഴവു വരുത്തിയ സിദ്ധിഖ് അഹമ്മദിനെ വിപ്പ് ലംഘിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. 

ആദ്യ സീറ്റില്‍ ബിജെപിയുടെ പബിത്ര മാര്‍ഗരീറ്റ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടാമത്തെ സീറ്റിലേക്ക് റിപുണ്‍ ബോറയും ബിജെപി സഖ്യകക്ഷിയായ യുപിപിഎല്ലിന്റെ റങ്‌റ നര്‍സാരിയുമാണ് മത്സരിച്ചിരുന്നത്.

വോട്ടെടുപ്പിന് മുമ്പേ തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് എംഎല്‍എ ശശികാന്ത ദാസിനെതിരെയും പാര്‍ട്ടി നടപടിയെടുത്തു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ശശികാന്ത ദാസിനെതിരെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com