ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 39 പേര്‍ മരിച്ചു. 2,563 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 16,980 പേരാണ് ചികിത്സയിലുള്ളത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനമായി. ആകെ രോഗ മുക്തരുടെ എണ്ണം 42528126. ആകെ മരണം 523693.
വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുകയാണെന്നും, ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെല്ലുവിളി അവസാനിച്ചിട്ടില്ല. ജനങ്ങള്‍ കോവിഡിനെതിരെ എല്ലാ മുന്‍കരുതലും തുടര്‍ന്നും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. യൂറോപ്പ് അടക്കമുള്ള മറ്റു രാജ്യങ്ങളെ വെച്ചു നോക്കുമ്പോള്‍ രാജ്യത്തെ സ്ഥിതി ആശങ്കാജനകമല്ല. പക്ഷെ വെല്ലുവിളി അവസാനിച്ചു എന്നു കരുതേണ്ടതില്ല. ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും യോജിച്ച് പ്രവര്‍ത്തിക്കണം. ഒമൈക്രോണിന്റെ ഉപവകഭേദങ്ങള്‍ വെല്ലുവിളിയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിന്റെ പ്രതിഫലനം ദൃശ്യമാണ്. രാജ്യത്തെ 96 ശതമാനം മുതിര്‍ന്നവരും ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്. 85 ശതമാനം പേര്‍ രണ്ടു ഡോസും സ്വീകരിച്ചവരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. അതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ യജ്ഞങ്ങള്‍ സംഘടിപ്പിക്കണം. ആശുപത്രികളുടെ സുരക്ഷാ ഓഡിറ്റ് നടത്താനും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഉഷ്ണതരംഗത്തെത്തുടര്‍ന്ന് ആശുപത്രികളില്‍ തീപിടുത്തം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ