രണ്ട് ലക്ഷം കിലോ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു! നശിപ്പിച്ചത് 500 കോടിയുടെ ലഹരി വസ്തുക്കൾ (വീഡിയോ)

രണ്ട് ലക്ഷം കിലോ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു! നശിപ്പിച്ചത് 500 കോടിയുടെ ലഹരി വസ്തുക്കൾ (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

വിശാഖപട്ടണം: രണ്ട് വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് ആന്ധ്രപ്രദേശ് പൊലീസ്. രണ്ട് ലക്ഷം കിലോ കഞ്ചാവാണ് പൊലീസിന്റെ നേതൃത്വത്തിൽ കൂട്ടിയിട്ട് കത്തിച്ചത്. അതീവ സുരക്ഷ ഏർപ്പെടുത്തിയായിരുന്നു പൊലീസിന്റെ ഓപ്പറേഷൻ.

വിശാഖപട്ടണം ജില്ലയിലെ കോഡുരു ​ഗ്രാമത്തിൽ തുറസായ സ്ഥലത്താണ് പൊലീസിന്റെ നേതൃത്വത്തിൽ കഞ്ചാവ് തീയിട്ട് നശിപ്പിച്ചത്. ഏതാണ്ട് 500 കോടിയുടെ കഞ്ചാവാണ് നശിപ്പിച്ചത്. 

രാജ്യത്ത് തന്നെ നടന്ന ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്നാണ് വിശാഖപട്ടണത്ത് നടന്നത്. ഡ്രോൺ ക്യാമറകൾ, സ്പീക്കറുകൾ എന്നിവ വിന്യസിച്ചു. ദുരന്തനിവാരണ സേനയിലെയും അഗ്നിശമന സേനയിലെയും ഉദ്യോഗസ്ഥരും കൂടാതെ വൻ തോതിൽ പൊലീസുകാരെയും വിന്യസിച്ചായിരുന്നു കഞ്ചാവ് കത്തിച്ച് നശിപ്പിച്ചത്. 

വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം, കിഴക്കൻ ഗോദാവരി എന്നീ വടക്കൻ ആന്ധ്രാ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ കഞ്ചാവ് പിടികൂടിയത്. പരിവർത്തൻ ഓപ്പറേഷനിലൂടെ പിടിച്ചെടുത്ത കഞ്ചാവാണ് ഇത്തരത്തിൽ നശിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

പരിവർത്തൻ ഓപ്പറേഷനിലൂടെ 1,363 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 562 പേർ ഉൾപ്പെടെ 1,500 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

കഴിഞ്ഞ 15 മാസത്തിനിടെ 8,500 ഏക്കറോളം സ്ഥലങ്ങളിൽ കൃഷി ചെയ്തിരുന്ന കഞ്ചാവ് ചെടികളും ഓപ്പറേഷന്റെ ഭാ​ഗമായി പൊലീസ് നശിപ്പിച്ചു. ആന്ധ്ര- ഒഡിഷ അതിർത്തി പ്രദേശം വൻ തോതിലുള്ള കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com