'ഡോക്ടര്‍, അഭിഭാഷകന്‍...', ഏഴു സംസ്ഥാനങ്ങളിലായി 14 സ്ത്രീകളെ കല്യാണം കഴിച്ചു, വിവാഹ തട്ടിപ്പുകാരന്‍ അറസ്റ്റില്‍

 ഒഡീഷയില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളയാള്‍ 48 വര്‍ഷത്തിനിടെ കഴിച്ചത് 14 വിവാഹം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍:  ഒഡീഷയില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളയാള്‍ 48 വര്‍ഷത്തിനിടെ കഴിച്ചത് 14 വിവാഹം. വര്‍ഷങ്ങളായി വിവാഹ തട്ടിപ്പ് നടത്തിയിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭുവനേശ്വറിലാണ് സംഭവം. ഒഡീഷയിലെ കേന്ദ്രപാറ സ്വദേശിയാണ് പിടിയിലായത്. വിവാഹം കഴിഞ്ഞ ശേഷം പണവുമായി കടന്നുകളയുന്നതാണ് ഇയാളുടെ പതിവ് രീതിയെന്ന് പൊലീസ് പറയുന്നു. 

1982ലാണ് ഇയാള്‍ ആദ്യമായി കല്യാണം കഴിച്ചത്. 2002 ലായിരുന്നു രണ്ടാമത്തെ വിവാഹം. ഇരു വിവാഹങ്ങളിലുമായി അഞ്ചു കുട്ടികളാണ് ഇയാള്‍ക്ക് ഉള്ളത്. തുടര്‍ന്ന് 2002 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വിവാഹ വെബ് സൈറ്റുകളും മറ്റും ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് എന്ന് പൊലീസ് പറയുന്നു.

അവസാനം കല്യാണം കഴിച്ചത് ഒരു സ്‌കൂള്‍ ടീച്ചറെയാണ്. ഇയാള്‍ മുന്‍പും കല്യാണം കഴിച്ചതായി വിവരം ലഭിച്ച സ്‌കൂള്‍ ടീച്ചര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സത്യം പുറത്തുവന്നത്. വാടക വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്സ് പിന്നിട്ട സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. 

വിധവകളാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. വിവാഹബന്ധം വേര്‍പെട്ട ശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരുമായി വിവാഹ വെബ്‌സൈറ്റ് വഴിയാണ് പ്രതി അടുപ്പത്തിലായത്. പണം ലഭിക്കുന്നതോടെ സ്ത്രീകളെ ഉപേക്ഷിക്കുന്നതാണ് പതിവെന്ന് പൊലീസ് പറയുന്നു.

ഡോക്ടര്‍, അഭിഭാഷകന്‍ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തിയാണ് അടുപ്പം സ്ഥാപിക്കുന്നത്. തട്ടിപ്പിന് ഇരയായവരില്‍ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ ജോലി ചെയ്ത സ്ത്രീ വരെ ഉള്‍പ്പെടും. ഏഴു സംസ്ഥാനങ്ങളില്‍ നിന്നായി 14 പേരെയാണ് ഇയാള്‍ വഞ്ചിച്ചതെന്ന് പൊലീസ് പറയുന്നിു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com